ന്യൂഡൽഹി: മുംബൈ നഗരത്തെ വൃത്തിയായി സൂക്ഷിക്കാൻ സഹായിച്ച എല്ലാ സ്വച്ഛതാ പടയാളികൾക്കും നന്ദിയെന്ന് ഷാരൂഖ് ഖാന്‍. ഒപ്പം ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തയ്യാറാക്കിയ വീഡിയോയെയും കിങ് ഖാൻ പ്രശംസിച്ചു. സ്വച്ഛതാ ഭാരത് അഭിയാന്‍റെ ഭാഗമായി നഗരത്തെ വൃത്തിയാക്കിയ ആളുകളെപ്പറ്റി ഒരു പെൺകുട്ടിയുടെ കമന്‍ററിയിലൂടെ വിവരിക്കുന്ന വീഡിയോയാണ് ഷാരൂഖ് ഖാൻ ട്വിറ്ററിൽ ഷെയർ ചെയ്‌തത്. നമ്മുടെ നഗരത്തെ ശുചിത്വമുള്ളതാക്കി മാറ്റിയ കഠിനാധ്വാനത്തിനും നന്ദി അറിയിക്കുന്നുന്നുവെന്ന് താരം കുറിച്ചു.
മുംബൈ നഗരത്തെ സുന്ദരമാക്കിയ സ്വച്ഛതാ യോദ്ധാക്കൾക്ക് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍ - സ്വച്ഛതാ ഭാരത് ആഭിയാൻ
ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തയ്യാറാക്കിയ വീഡിയോ ഷെയർ ചെയ്‌തുകൊണ്ട് മുംബൈക്കാർക്കും സ്വച്ഛതാ യോദ്ധാക്കൾക്കും ഷാരൂഖ് ഖാൻ നന്ദി അറിയിച്ചു
46,000 യോദ്ധാക്കളാണ് എല്ലാ പ്രതിബന്ധങ്ങളും അതിജീവിച്ച് മുംബൈയെ ആരോഗ്യവും രോഗമുക്തവുമായ ഒരു നഗരമാക്കി മാറ്റിയതെന്ന് ഹൃദയസ്‌പർശിയായ വീഡിയോയിൽ പെൺകുട്ടി വിവരിക്കുന്നുണ്ട്. മുംബൈ വൃത്തിയായി സൂക്ഷിക്കാനുള്ള ദൗത്യത്തിലാണ് തങ്ങൾ. അതിനാൽ തന്നെ ഉണങ്ങിയ മാലിന്യങ്ങളും നനഞ്ഞ മാലിന്യങ്ങളും വേർതിരിച്ച് സൂക്ഷിക്കാനും മുംബൈ നിവാസികളോട് വീഡിയോയിൽ പറയുന്നു. ബിഎംസി പങ്കുവെച്ച വീഡിയോയിൽ മുംബൈക്കാർക്കും സ്വച്ഛതാ പ്രവർത്തകർക്കും നന്ദി പറയുന്നതോടോപ്പം മുംബൈക്ക് വേണ്ടി എന്ത് ചെയ്യാനും തയ്യാറാണെന്ന ക്യാമ്പെയിനും ഉൾപ്പെടുന്നു.