തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് തമിഴ്നാടിന്‍റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി അണിയറയില്‍ ഒരുങ്ങുന്ന തലൈവി. കങ്കണ റണാവത്താണ് ജയലളിതയായി വേഷമിടുന്നത്. എ.എല്‍ വിജയ് ഒരുക്കുന്ന ചിത്രത്തില്‍ എംജിആറായി വേഷമിടുന്നത് നടന്‍ അരവിന്ദ് സ്വാമിയാണ്.
പഴയ തമിഴ് സൂപ്പർസ്റ്റാറിനെ അവതരിപ്പിക്കുമ്പോൾ അഭിനയം സൂപ്പറായിരിക്കണം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന നടനായിരിക്കണം തലൈവി ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയിൽ എംജിആറാകാൻ ആര് വേണമെന്നതിന്‍റെ മാനദണ്ഡം ഇതായിരുന്നു. അവസാനം നറുക്ക് വീണത് തെന്നിന്ത്യയുടെയും ബോളിവുഡിന്‍റെയും ഹൃദയം കവർന്നിട്ടുള്ള അരവിന്ദ് സ്വാമിക്ക്. ഇപ്പോഴിതാ ആ തീരുമാനം ശരിയാണെന്ന് തെളിയിക്കുകയാണ് ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസർ.
എംജിആറായി വേഷപ്പകര്‍ച്ച നടത്തി സിനിമാപ്രേമികളെ അതിശയിപ്പിച്ചിരിക്കുകയാണ് നടന്‍ അരവിന്ദ് സ്വാമി. എംജിആറാണോ അരവിന്ദ് സ്വാമിയാണോയെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം സാമ്യതയാണ് മേക്കോവറിലൂടെ അരവിന്ദ് സ്വാമിക്കുള്ളത്. മികച്ച പ്രകടനം ചിത്രത്തിലൂടെ അരവിന്ദ് സ്വാമി ആരാധകര്‍ക്ക് നല്‍കുമെന്ന് ടീസറിലൂടെ നിസംശയം പറയാം.
എംജിആറും ജയലളിതയും ഒന്നിച്ച് അഭിനയിച്ച് സൂപ്പർഹിറ്റാക്കിയത് 28 ചിത്രങ്ങളാണ്. പിന്നീടാണ് ഇരുവരും രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികക്കും തിരക്കഥയെഴുതിയ കെ.ആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കിയത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി.വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കിയിരിക്കുന്നു.