സുശാന്തിന്‍റെ ഫഡ്ജിനെ ഇനി പിതാവ് സംരക്ഷിക്കും
അഞ്ച് വര്‍ഷം മുമ്പാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഫഡ്ജിനെ സുശാന്ത് സ്വന്തമാക്കുന്നത്
മരണം വരെ സുശാന്തിന്‍റെ സന്തത സഹചാരിയായി ഒപ്പമുണ്ടായിരുന്ന ഫഡ്ജ് എന്ന നായയായിരുന്നു താരത്തിന്‍റെ മരണശേഷം ആരാധകരുെട ഏറ്റവും വലിയ സങ്കടം. സുശാന്തിന്‍റെ പ്രിയപ്പെട്ട ഫഡ്ജ് ഒറ്റക്കായി പോകുമോയെന്ന ആശങ്കയും അവര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫഡ്ജ് സുശാന്തിന്‍റെ പിതാവിന്‍റെ സംരക്ഷണയിലാണെന്നാണ് അറിയാന്‍ കഴിയുന്നത്. സുശാന്തിന്‍റെ മുംബൈയിലെ വസതിയിലായിരുന്നു ഫഡ്ജും താമസിച്ചിരുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഫഡ്ജിനെ സുശാന്ത് സ്വന്തമാക്കുന്നത്. സുശാന്തിന്‍റെ മരണശേഷം ഒറ്റപ്പെട്ട ഈ നായ ഭക്ഷണം പോലും കഴിക്കാറില്ലെന്നാണ് സുശാന്തിന്‍റെ ജോലിക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതറിഞ്ഞാണ് സുശാന്തിന്‍റെ പിതാവ് കെ.കെ സിങ് ഫഡ്ജിനെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. ഫഡ്ജിനൊപ്പം ഡാന്‍സ് കളിക്കുന്ന സുശാന്തിന്‍റെ വീഡിയോയും ഫോട്ടോകളുമെല്ലാം ഓണ്‍ലൈനില്‍ വലിയ തോതില്‍ വൈറലാണ്. സുശാന്തിന്‍റെ മരണം ആത്മഹത്യയായിരുന്നുവെങ്കിലും സംഭവത്തില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് ബോളിവുഡിലെ നിരവധി താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.