സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം; റിയ ചക്രബർത്തിക്കെതിരെ ഹർജി
റിയ സുശാന്തിനെ വിളിക്കുകയും പല തരത്തിൽ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ഇത് താരത്തിനെ വിഷാദാവസ്ഥയിലാക്കിയെന്നും പതാഹി സ്വദേശി കുന്ദൻ കുമാർ നൽകിയ പരാതിയിൽ പറയുന്നു
പട്‌ന: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രബർത്തിക്കെതിരെ ഹർജി സമർപ്പിച്ചു. മുസാഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് താരത്തിന് എതിരെ പരാതി രജിസ്റ്റർ ചെയ്‌തത്. റിയ ചക്രബർത്തി സുശാന്തിനെ പൂർണമായും തന്‍റെ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു എന്നാണ് പതാഹി സ്വദേശിയായ കുന്ദൻ കുമാർ നൽകിയ പരാതിയിൽ പറയുന്നത്. റിയയെ വിവാഹം ചെയ്യാൻ താരം ആഗ്രഹിച്ചിരുന്നു. എന്നാൽ നടി അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചു. റിയ സുശാന്തിനെ വിളിക്കുകയും പല തരത്തിൽ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ഇതാണ് താരത്തിനെ വിഷാദാവസ്ഥയിലാക്കിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. റിയ ചക്രബർത്തിക്കെതിരെ 420, 306 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരമാവധി 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസിന്‍റെ വാദം ഈ മാസം 24ന് നടത്തും. നേരത്തെ സൽമാൻ ഖാൻ, കരൺ ജോഹർ, ഏക്താ കപൂർ തുടങ്ങിയ ബോളിവുഡ് പ്രമുഖർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.