ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റെ ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഫയൽ ചെയ്തു. ബിഹാർ പൊലീസ് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തത്. നടിയും മോഡലുമായ റിയ ചക്രബർത്തിയുടേത് അടക്കമുള്ള ബാങ്ക് അക്കൗണ്ടിലേക്ക് സുശാന്തിന്‍റെ അക്കൗണ്ടില്‍ നിന്നും പണം കൈമാറിയിരുന്നെന്ന് സുശാന്തിന്‍റെ പിതാവ് ആരോപിച്ചിരുന്നു. റിയ ചക്രബർത്തി സ്വന്തം കരിയർ മുന്നോട്ട് കൊണ്ടുപോകാൻ 2019 മെയ് മാസത്തിൽ മകനുമായി ചങ്ങാത്തം കൂടിയതാണെന്നും നടന്‍റെ പിതാവ് ആരോപിച്ചിരുന്നു. താരത്തിന്‍റെ പണവും ബാങ്ക് അക്കൗണ്ടുകളും ദുരുപയോഗം ചെയ്തുവെന്ന ആരോപണം എൻഫോഴ്‌സ്‌മെന്‍റ് അന്വേഷിക്കും. കള്ളപ്പണം വെളുപ്പിക്കുന്നതിനും നിയമവിരുദ്ധമായ സ്വത്തുക്കൾ വാങ്ങുന്നതിനുമായി ആരെങ്കിലും സുശാന്തിന്‍റെ വരുമാനം ഉപയോഗിച്ചോയെന്ന് ഏജൻസി അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. റിയ ചക്രബർത്തിയെയും കേസിൽ ഉള്‍പ്പെട്ട മറ്റുള്ളവരെയും അടുത്തയാഴ്ച ചോദ്യം ചെയ്തേക്കും.
സുശാന്ത് സിങിന്‍റെ ബാങ്ക് ഇടപാടുകള്‍, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു - Sushant Singh Rajput death
നടിയും മോഡലുമായ റിയ ചക്രബർത്തിയുടേത് അടക്കമുള്ള ബാങ്ക് അക്കൗണ്ടിലേക്ക് സുശാന്തിന്‍റെ അക്കൗണ്ടില്‍ നിന്നും പണം കൈമാറിയിരുന്നെന്ന് സുശാന്തിന്‍റെ പിതാവ് ആരോപിച്ചിരുന്നു.
അതേസമയം സുശാന്ത് വിഷാദ രോഗി അല്ലായിരുന്നുവെന്ന് പറഞ്ഞ് മുന്‍ കാമുകി അങ്കിത ലോഖാണ്ടെ രംഗത്തെത്തിയിട്ടുണ്ട്. 'സുശാന്തും താനും ആറ് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന വാദം ഞാന്‍ അംഗീകരിക്കില്ല. ഇതിനെക്കാള്‍ വലിയ പ്രശ്നങ്ങളെ അദ്ദേഹം ധൈര്യത്തോടെ അഭിമുഖീകരിച്ചിട്ടുണ്ട്. സുശാന്ത് ഏറെ പ്രതീക്ഷയോടെ ലോകത്തെ നോക്കികണ്ടിരുന്നയാളാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് അപ്പുറം ജീവിതം എങ്ങനെ ഉണ്ടാകും എന്നുവരെ കണക്ക് കൂട്ടുന്ന ആളാണ്. അടുത്ത അഞ്ച് വര്‍ഷങ്ങളിലേക്കുള്ള സ്വപ്നങ്ങള്‍ എഴുതി വെക്കുകയും അത് അതേപടി ജീവിതത്തില്‍ നടപ്പാക്കുകയും ചെയ്യുന്ന വേറൊരാളെ എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടില്ല' അങ്കിത ലോഖണ്ടെ ഒരു മാധ്യമത്തിനോട് പറഞ്ഞു.