"നിങ്ങൾ ഉണ്ടായിരുന്നിടത്തോളം കാലം ഞാനുമുണ്ടായിരുന്നു... ഞാനിപ്പോൾ നിങ്ങളുടെ ഓർമകളിൽ ജീവിക്കുന്നു. ഒരു നിഴൽ പോലെ, ഒരു വെളിച്ചത്തുണ്ടുപോലെ... സമയം ഇവിടെ നിന്നും നീങ്ങുന്നില്ല. ഇത് മനോഹരമാണ്, എന്നന്നേക്കുമുള്ളതാണ്," കഴുത്തിൽ കയറിട്ട് സ്വപ്‌നങ്ങളെ കുരുക്കി സുശാന്ത് സിംഗ് രജ്‌പുത് മടങ്ങുന്നതിന് ദിവസങ്ങൾക്ക് മുൻപ് അമ്മക്കായ് എഴുതിയ വാക്കുകൾ. വിഷാദരോഗമായിരിക്കാം കാരണം... സിനിമയിൽ നിന്നുള്ള തഴച്ചിലുകളിൽ മനസ് മടുത്തതുമാകാം... ലോക്ക് ഡൗണിലെ വിരസതയും മടുപ്പുമായിരിക്കാം... ലഹരി മരുന്ന് ആസക്തിയിലുമാകാം... അതുമല്ലെങ്കിൽ ലവ് ഫെയിലർ. ഊഹാപോഹങ്ങൾ പലതും വന്നു. പക്ഷേ, അയാൾ നേരിട്ട കയ്‌പ്പിന്‍റെ രുചിയുള്ള അനുഭവങ്ങളും അവഗണനകളും അങ്ങനെ നിസാരമാക്കേണ്ടതല്ല.
ജൂൺ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച ഉച്ചയോടെ ബ്രേക്കിങ് ന്യൂസുകൾ നിറഞ്ഞു. നടൻ സുശാന്ത് സിംഗ് രജ്‌പുത് ആത്മഹത്യ ചെയ്‌തു. മാസങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നതിനാൽ വിഷാദമായിരിക്കാം കാരണം. ആദ്യമാദ്യം വാർത്തകളും പ്രാഥമിക റിപ്പോർട്ടുകളും യുവപ്രതിഭയുടേത് ആത്മഹത്യയെന്ന് വിധിയെഴുതിയെങ്കിലും സുശാന്തിനെയും ബോളിവുഡിനെയും അറിയാവുന്നവർ ഒന്നിരുത്തി ചിന്തിച്ചു. ആത്മഹത്യ, തൂങ്ങിമരണം എന്ന തലക്കെട്ടിലേക്ക് മാറ്റി.
"ഒരു റാങ്ക് ഹോൾഡറിന് എങ്ങനെ ബലഹീനമായ ഹൃദയമുണ്ടാകും?" താരത്തിന്‍റെ മരണത്തിന്‍റെ പിറ്റേദിവസം കങ്കണ സമൂഹമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തോട് മുഖാമുഖം വന്ന് ചോദിച്ചു. സുശാന്ത് തന്നെ, തന്‍റെ ചിത്രങ്ങൾ കാണാൻ പ്രേക്ഷകരോട് അഭ്യർഥിച്ചു, സിനിമയിൽ തനിക്ക് ഗോഡ്‌ഫാദറില്ലെന്ന് അയാൾ തന്നെ പറഞ്ഞിട്ടുണ്ട്. താരകുടുംബങ്ങളുടെ മേൽക്കോയ്മിൽ ബോളിവുഡിൽ താനൊരു എച്ചിലായി മാറിയെന്ന് പൊതുവേദികളിൽ സുശാന്ത് വെളിപ്പെടുത്തിയതുമാണ്. അതെ, കങ്കണ റണൗട്ട് പറഞ്ഞതിൽ കഴമ്പുണ്ട്.
പഴയ കാലങ്ങളിലേക്കൊന്ന് കണ്ണോടിച്ചാൽ ആഘോഷ പരിപാടികളിലും അവാർഡ് നിശകളിലും അയാളും അയാളെപ്പോലെ സിനിമ സ്വപ്നം കണ്ട് ബോളിവുഡിലേക്ക് വണ്ടികേറിയ കുറേ സാധാരണക്കാരായ കലാകാരന്മാരും അപമാനിക്കപ്പെടുന്നത് കാണാം. കോഫി വിത്ത് കരണിലും ഫിലിംഫെയർ അവാർഡ് നിശയിലും ഐഫയിലുമൊക്കെ എത്രയോ തവണ അത് നമ്മൾ കണ്ടിട്ടും കാര്യമാക്കാതെ ചിരിച്ചുകളഞ്ഞിരിക്കുന്നു.
കങ്കണ മാത്രമല്ല, നിഖിൽ ദ്വിവേദിയും വിവേക് ഒബ്റോയ്‌യും അഭിനവ് കശ്യപും... എന്തിനേറെ ഓസ്‌കറിങ്ങ് ഇന്ത്യയിലേക്കെത്തിച്ച എആർ റഹ്‌മാൻ പോലും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് ബൃഹത്തായ ഹിന്ദി സിനിമാലോകത്തെ ഈ കുടുംബാധിപത്യം.
എങ്കിലും കുടുംബതാരങ്ങളേക്കാൾ, പവിത്ര റിഷ്‌തയിലെ മാനവിനെയും കൈ പോ ചെയിലെ ഇഷാനെയും ശുദ്ധ് ദേശി റൊമാൻസ് ചിത്രത്തിലെ രഘു റാമിനെയും ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷിയെയും കേദാർനാഥിലെ മൻസൂർ ഖാനെയുമാണ് പ്രേക്ഷകർ കൂടുതൽ സ്വീകരിച്ചിട്ടുള്ളത്. ആഡംബരത്തിന്‍റെയും ആർഭാടത്തിന്‍റെയും ഭാവങ്ങൾ പ്രദർശിപ്പിക്കാത്ത നടന്‍റെ മരണം താങ്ങാനാവാതെ കുറേ ആരാധകർ ആത്മഹത്യ ചെയ്‌തത് ന്യായീകരിക്കാവുന്നത് അല്ലെങ്കിലും, ഒട്ടും വിചാരിക്കാതെ തങ്ങൾക്ക് നഷ്‌ടപ്പെട്ട പ്രിയപ്പെട്ടവനെ അത്രയധികം സ്‌നേഹിച്ചിരുന്നതാണെന്ന് അവ സൂചിപ്പിക്കുന്നുണ്ട്.
എണ്ണിപ്പറയാവുന്ന രംഗങ്ങളിൽ മാത്രമാണെങ്കിലും പികെയിലെ സർഫറാസ് യൂസഫ് പ്രേക്ഷകനിലേക്ക് കുടിയേറി. ക്രീസിൽ കണ്ട എം.എസ് ധോണിയെ സുശാന്തിലൂടെ സ്‌ക്രീനിൽ സിനിമയായി കണ്ടപ്പോഴോ ഭാഷയും ദേശവും കടന്ന് സുശാന്ത് സിംഗ് രജ്‌പുത് എന്ന നടൻ അറിയപ്പെടാൻ തുടങ്ങി. താരപദവിയും അഭിനയമികവും ഒരുമിച്ച് വാഴാത്ത ബോളിവുഡിന് മറുപടിയായിരുന്നു സുശാന്തും അയാൾ അഭിനയിച്ച 12 ചിത്രങ്ങളും.
അവസരങ്ങൾ നിഷേധിച്ചും അപമാനിച്ചും വിഷാദരോഗത്തിലേക്ക് തള്ളിവിട്ട നടന്‍റെ മരണത്തിൽ നീതിയാവശ്യപ്പെട്ട് ട്വിറ്ററുകളിൽ ഹാഷ്‌ടാഗുകൾ നിറഞ്ഞു. ഇതൊരു ആത്മഹത്യ അല്ല കൊലപാതകമാണെന്ന് സുശാന്തിന്‍റെ ആരാധകർ വാദിച്ചു. അത് രാജ്യമെമ്പാടും അലയടിച്ചപ്പോൾ, നടന്‍റെ പെൺസുഹൃത്ത് റിയ ചക്രബർത്തിയിൽ നിന്നും അദ്ദേഹത്തിന്‍റെ പത്തോളം കുടുംബക്കാരിൽ നിന്നും ശേഖരിച്ച വിവരങ്ങൾ മാത്രമാക്കാതെ ബോളിവുഡിന്‍റെ പ്രമുഖരിലേക്കും മുംബൈ പൊലീസ് അന്വേഷണം വിപുലീകരിച്ചു. താരത്തിന്‍റെ ശരീരത്തിൽ മുറിപ്പാടുകളൊന്നുമുണ്ടായിരുന്നില്ലെന്ന് ജൂൺ 24ന് അന്തിമ പോസ്റ്റ്മാർട്ടം റിപ്പോർട്ടായി മുംബൈ പൊലീസിന് ഫലം ലഭിച്ചിരുന്നു. എങ്കിലും പ്രൊഫഷനിലെ സ്‌പർധ താരത്തിന്‍റെ വിഷാദത്തിന് കാരണമായിരുന്നോയെന്ന് അന്വേഷിക്കുകയായിരുന്നു മുംബൈ പൊലീസിന്‍റെ ദൗത്യം. സഞ്ജയ് ലീലാ ബൻസാലിയും മഹേഷ് ഭട്ടും കരൺ ജോഹറിന്‍റെ ധർമ പ്രൊഡക്ഷൻ സിഇഒയുമൊക്കെ ചോദ്യം ചെയ്യേണ്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടു.
ജൂലൈ 28ന് റിയാ ചക്രബർത്തിക്കെതിരെ സുശാന്തിന്‍റെ അച്ഛൻ കെ.കെ സിംഗ് പട്‌നയിൽ കേസ് കൊടുത്തു. സ്‌നേഹം നടിച്ച് മകനിൽ നിന്നും പണം തട്ടി... ഹർജിക്കെതിരെ റിയയും നീങ്ങി, അന്വേഷണം ബിഹാറിൽ നിന്ന് മുംബൈയിലേക്ക് മാറ്റണം. ബിഹാർ പൊലീസിന് കെ.കെ സിംഗ് നൽകിയ എഫ്ഐആറിൽ സ്റ്റേ വേണമെന്നും സുപ്രീം കോടതിയോട് നടി അഭ്യർഥിച്ചു. പക്ഷേ, ജൂലൈ 30ന് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സുശാന്തിന്‍റെ പണമിടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്താൻ തുടങ്ങി. എന്നാൽ, തന്നെ കരുതിക്കൂട്ടി ഫ്രെയിം ചെയ്യുകയാണെന്നും തനിക്ക് നീതി വേണമെന്നും റിയ അടുത്ത ദിവസം തന്നെ ഒരു വീഡിയോയിലൂടെ പറഞ്ഞു.
സംഭവം രാഷ്‌ട്രീയതാൽപര്യങ്ങളിലേക്കും വഴിമാറി. മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ സംതൃപ്‌തരല്ലെന്ന് ചൂണ്ടികാണിച്ച് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ സിബിഐ അന്വേഷണത്തിനായി കേന്ദ്രത്തോട് അഭ്യർഥിച്ചതോടെ കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് മോദി സർക്കാർ നിർദേശം വച്ചു. ഓഗസ്റ്റ് 19നാണ് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മുംബൈ പൊലീസിന്‍റെ പക്കലുള്ള തെളിവുകളും രേഖകളും സിബിഐക്ക് കൈമാറാനും കോടതി ആവശ്യപ്പെട്ടു. ഇതിനിടയിൽ മുംബൈയിലെ ശിവസേന സർക്കാരും ബിജെപിയും തമ്മിൽ വാക്പോരുകൾ നടന്നു. സ്വജനപക്ഷപാതത്തിൽ പ്രതികരിക്കാത്തതിൽ തപ്‌സിയെയും സ്വര ഭാസ്‌കറെയും അനുരാഗ് കശ്യപിനെയും കങ്കണ വിമർശിച്ചു. വ്യക്തിപരമായ താൽപര്യങ്ങൾക്കും കങ്കണ സ്വജനപക്ഷപാതം ഉപയോഗിച്ചത് വിവാദങ്ങൾക്ക് കാരണമായി. തന്നെ രാഷ്‌ട്രീയ അജണ്ഡകളുടെ ബലിയാടാക്കുകയാണെന്ന് റിയ ചക്രബർത്തിയും കോടതിയിൽ ഉന്നയിച്ചു.
സുശാന്തിന്‍റെ ഫ്ലാറ്റിലെ അയൽപക്കകാരെയും ജീവനക്കാരെയും സിബിഐ വിളിപ്പിച്ചു. ഓഗസ്റ്റ് 27ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റിയക്കെതിരെ കേസെടുത്തു. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചുനൽകിയതിൽ നടിക്ക് പങ്കുണ്ടെന്ന സൂചനയെ തുടർന്നായിരുന്നു എൻസിബി നടപടി. മൂന്ന് ദിവസത്തിന് ശേഷം സിബിഐയുടെ ചോദ്യം ചെയ്യലിനും റിയ ഹാജരായി. നടന് നൽകിയ മരുന്നുകളെയും മറ്റുമുള്ള വിവരങ്ങൾ ചോദിച്ചറിയാനായിരുന്നു അവരെ വിളിപ്പിച്ചത്. ഫോൺ സന്ദേശങ്ങളിൽ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെട്ടിരുന്നതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.
സെപ്‌തംബർ അഞ്ചിന് റിയയുടെ സഹോദരൻ ഷോയിക് ചക്രബർത്തിയെയും സുശാന്തിന്‍റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡയെയും മുംബൈ കോടതി നാല് ദിവസത്തെ എൻസിബി കസ്റ്റഡിയിൽ അയച്ചു. പേഴ്‌സണൽ സ്റ്റാഫ് ദിപേഷ് സാവന്തിനെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്‌തു. തന്‍റെ മകനെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധം രേഖപ്പെടുത്തി റിയയുടെ അച്ഛൻ ഇന്ദ്രജിത് ചക്രബർത്തി എത്തി. "അഭിനന്ദനങ്ങൾ ഇന്ത്യ, ഇന്ന് എന്‍റെ മകനെ അറസ്റ്റ് ചെയ്‌തു, നാളെ മകളെ... പിന്നെപ്പിന്നെ അങ്ങനങ്ങനെ. ഒരു മധ്യവർഗ കുടുംബത്തിനെ വളരെ വിദഗ്‌ധമായി ഒതുക്കി. എന്നാൽ, നീതിയുടെ പേരും പറഞ്ഞ് ഇതും ന്യായീകരിക്കും...." എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്.
സെപ്‌തംബർ എട്ടിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫിസിൽ ഹാജരായ റിയ ചുറ്റും തടിച്ച് കൂടിയ മാധ്യമങ്ങളോട് ഒന്നും പറഞ്ഞില്ല. പകരം, "റോസാപ്പൂക്കള്‍ ചുവപ്പാണ്, വയലറ്റുകള്‍ നീലയാണ്, പുരുഷാധിപത്യത്തെ തകര്‍ക്കാം, ഞാനും നിങ്ങളും" എന്നെഴുതിയ അവർ ധരിച്ച കറുത്ത ടീഷർട്ട് വിളിച്ചുപറയുന്നുണ്ടായിരുന്നു. കൊള്ളരുതായ്‌മകളും കുടിപ്പകയുമൊക്കെ അരങ്ങുവാണിട്ടും തന്നിലേക്ക് മാത്രം ഒരു കേസ് എങ്ങനെ മാറ്റപ്പെടുന്നുവെന്നതിന്‍റെ പിന്നാമ്പുറക്കാഴ്‌ചകൾ. അതെ, ബോളിവുഡിൽ ശബ്‌ദമുയർത്താൻ ഭയക്കേണ്ട രണ്ട് കാര്യങ്ങൾ, അവ ഫെമിനിസവും നെപ്പോട്ടിസവും തന്നെയാണ്. പുരുഷാധിപത്യത്തിലും സ്വജനപക്ഷപാതത്തിലും വീർപ്പുമുട്ടിയവർ മിക്കപ്പോഴും എങ്ങും തൊടാതെ അതിൽ പ്രതികരിച്ചിട്ടുമുണ്ട്.
സെപ്‌തംബറിൽ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപികാ പദുക്കോണും സാറാ അലി ഖാനും ശ്രദ്ധാ കപൂറും രാകുൽ പ്രീത് സിംഗും ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖമ്പട്ടയും എൻസിബിക്ക് മുന്നിൽ ഹാജരായി. പിന്നീട് എൻസിബി അറസ്റ്റ് ചെയ്‌ത റിയയെ കോടതി പതിനാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെ തേടിയുള്ള യാത്ര അവിടെ അവസാനിച്ചില്ല, അത് അർജുൻ രാംപാൽ മുതൽ വിവേക് ഒബ്‌റോയ്‌യുടെ ബന്ധുക്കളിലേക്ക് വരെ നീണ്ടു. താരത്തിന്‍റെ മരണം ആത്മഹത്യ തന്നെയാണെന്നും കൊലപാതകമല്ലെന്നും വ്യക്തമാക്കി സിബിഐക്ക് എംയിസിലെ ഫോറന്‍സിക് വിദഗ്‌ധ സംഘം റിപ്പോർട്ട് നൽകിയെങ്കിലും അതും വിശ്വസനീയമല്ലെന്ന രീതിയിൽ ആരോപണങ്ങളും ഉയർന്നു. സിബിഐ അന്വേഷണം ആരംഭിച്ച് നാല് മാസം പിന്നിട്ട വേളയിൽ കേസിന്‍റെ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര ഏജൻസി കാലതാമസമെടുക്കുന്നതിലും സുശാന്തിന്‍റെ ആരാധകർ അക്ഷമരായി. അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കി അന്തിഫലം പുറത്തുവിടണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്‍റെ ആരാധകർ കോടതിയെ സമീപിക്കുക വരെ ചെയ്‌തിട്ടുണ്ട്. എന്നിട്ടും,.. മാസങ്ങൾ പിന്നിടുന്നതല്ലാതെ നീതി ഉറപ്പായോ സുശാന്തിന്.
സിബിഐ, എൻസിബി, ഇഡി... സുശാന്തിന്‍റെ കേസിൽ മൂന്ന് ഏജൻസികളാണ് സമാന്തരമായി അന്വേഷണം നടത്തുന്നത്. എങ്കിലും ഇനിയുമെത്രയോ കഥാപാത്രങ്ങളായി തിരശ്ശീലയിൽ ജീവിക്കേണ്ട പ്രിയനടന്‍റെ അകാലത്തിലുള്ള മരണം, അല്ലെങ്കിൽ എന്തിനദ്ദേഹം ഇങ്ങനെയൊരു കടുംകൈക്ക് മുതിർന്നുവെന്നതിന്‍റെ കാരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.