മുംബൈ:ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന്‍റെ കാലതാമസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. താരത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സിബിഐയോട് ആവശ്യപ്പെടണമെന്നും മുംബൈ നിവാസികളായ ദമ്പതികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
സുശാന്ത് സിംഗിന്‍റെ മരണം; സിബിഐ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കാൻ സുപ്രീം കോടതിയിൽ ഹർജി - cbi probe news
സിബിഐ അന്വേഷണം തുടങ്ങി നാല് മാസമായിട്ടും റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിലാണ് മുംബൈ നിവാസികളായ ദമ്പതികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്
കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പോലും 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ സാഹചര്യത്തിൽ സുശാന്തിന്‍റെ മരണം അന്വേഷിക്കുന്ന കേന്ദ്ര ഏജൻസി നാല് മാസമായിട്ടും റിപ്പോർട്ട് പുറത്തിറക്കിയില്ലെന്നും അന്വേഷണത്തിൽ സിബിഐ പരാജയപ്പെട്ടതായും ഹർജിയിൽ പറയുന്നുണ്ട്. അന്വേഷണത്തിലെ അനാവശ്യ കാലതാമസം നീതിന്യായ വ്യവസ്ഥയെ ബാധിക്കുന്നുവെന്നും ഇത് സുശാന്തിനെ സ്‌നേഹിക്കുന്നവരെ നിരാശയിലാക്കുന്നുണ്ടെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി. ജൂൺ 14നാണ് ബോളിവുഡ് നടനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 19ന് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ കേസിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.