രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ ബോളിവുഡിലെ പ്രമുഖതാരങ്ങൾ അണിനിരക്കുന്ന സൂര്യവൻശിയുടെ റിലീസ് നീട്ടി. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുകയും മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ബിഗ് ബജറ്റ് ചിത്രത്തിന്‍റെ റിലീസ് വീണ്ടും നീട്ടിയത്. ഏപ്രിൽ 30നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംവിധായകൻ രോഹിത് ഷെട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് സിനിമയുടെ റിലീസ് മാറ്റിവക്കുന്നതായി സൂര്യവൻശി ടീം വ്യക്തമാക്കിയത്.
സൂര്യവൻശിയുടെ റിലീസ് വീണ്ടും നീട്ടി; അഭിനന്ദിച്ച് താക്കറെ
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സൂര്യവൻശിയുടെ സംവിധായകൻ രോഹിത് ഷെട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു.
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സിനിമയുടെ പ്രദർശനം മാറ്റിവച്ച സംവിധായകന്‍റെ തീരുമാനത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അക്ഷയ് കുമാർ, രൺവീർ സിംഗ്, കത്രീന കൈഫ്, അജയ് ദേവ്‌ഗൺ, രോഹിത് ഷെട്ടി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 2020 മാർച്ചിൽ റിലീസ് ചെയ്യാനായി ഒരുക്കിയ സൂര്യവൻശി കൊവിഡിനെ തുടർന്നാണ് നീണ്ടുപോയത്. ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകൾ തുറന്നതോടെ, സിനിമ ഈ മാസം അവസാനം പ്രദർശനത്തിന് എത്തുമെന്ന് നിർമാതാക്കൾ വീണ്ടും പ്രഖ്യാപിച്ചു. അതാണ് വീണ്ടും നീട്ടിയത്.