ദേശീയ പുരസ്കാര ജേതാവും പ്രശസ്ത സിനിമ-തിയേറ്റർ-ടെലിവിഷൻ അഭിനേത്രിയുമായ സുരേഖ സിക്രി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. 2018ൽ പക്ഷാഘാതവും 2020ൽ മസ്തിഷ്കാഘാതവും സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
1978ൽ പുറത്തിറങ്ങിയ കിസ്സ കുർസി കാ എന്ന ചിത്രത്തിലൂടെയാണ് സുരേഖ സിക്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സഹ നടിക്കുള്ള ദേശീയ പുരസ്കാരം ഏറ്റവും കൂടുതൽ തവണ കരസ്ഥമാക്കിയ റെക്കോഡ് സുരേഖയുടേതാണ്. 1986ൽ പുറത്തിറങ്ങിയ തന്‍റെ മൂന്നാമത്തെ ചിത്രമായ തമാസിലെ പ്രകടനത്തിനാണ് സുരേഖ ആദ്യം സഹ നടിക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കുന്നത്. തുടർന്ന് 1995ൽ പുറത്തിറങ്ങിയ മാമ്മോ എന്ന സിനിമയിലെ ഫയ്യാസി, 2018ൽ പുറത്തിറങ്ങിയ ബധായി ഹോ എന്ന ചിത്രത്തിലെ ദുർഗ ദേവി കൗശിക് എന്നീ കഥാപാത്രങ്ങളുടെ പ്രകടനത്തിലൂടെയും സഹ നടിക്കുള്ള ദേശീയ പുരസ്കാരം സുരേഖ സ്വന്തമാക്കി.
സുമ ജോസന്‍റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ ജന്മദിനം എന്ന ചിത്രത്തിലെ അമ്മ കഥാപാത്രത്തിലൂടെ മലയാള സിനിമയിലും സുരേഖ തന്‍റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.