കഴിഞ്ഞ മാസം സണ്ണി ലിയോണിയുടെ രണ്ടാമത്തെ മലയാള ചിത്രം ഷീറോ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം കൂടുതൽ തെന്നിന്ത്യൻ ചിത്രങ്ങളിലേക്ക് സജീവമാവുകയാണ്. വീരമാദേവി എന്ന ചരിത്രസിനിമക്ക് പുറമെ മറ്റൊരു തമിഴ് ചിത്രത്തിലും സണ്ണി ലിയോണി അഭിനയിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. സിന്തനൈ സെയ് ചിത്രത്തിന്റെ സംവിധായകൻ യുവൻ ഒരുക്കുന്ന ഹൊറർ- കോമഡി ചിത്രത്തിലാണ് നടി മുഖ്യവേഷം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
കൂടുതൽ വായനയ്ക്ക്: മലയാളത്തിൽ സണ്ണി ലിയോണിയുടെ രണ്ടാം വരവ്; 'ഷീറോ'യിൽ നായികയാകും
ഫാന്റസിയും ചരിത്രവും സംയോജിപ്പിച്ചുള്ള ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല. സതീഷ്, സഞ്ജന എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഇപ്പോഴത്തെ സംഭവങ്ങളും ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയിലൂടെയുമാണ് സിനിമ വിവരിക്കുന്നത്.
ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. മൂന്നര വർഷം മുമ്പ് തയ്യാറാക്കിയ കഥയിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു ശ്രദ്ധേയമായ താരമാവണമെന്ന് നിർമാതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നെന്നും തുടർന്നാണ് സണ്ണി ലിയോണി ചിത്രത്തിലേക്ക് വരുന്നതെന്നും സംവിധായകൻ യുവൻ പറഞ്ഞു. കഥ കേട്ടപ്പോൾ ഉടൻ തന്നെ സണ്ണി ലിയോണി ചിത്രത്തിന് സമ്മതമറിയിച്ചുവെന്നും സംവിധായകൻ പറഞ്ഞു. തമിഴിലെ ശ്രദ്ധേയ താരങ്ങളായ മൊട്ട രാജേന്ദ്രൻ, തങ്കദുരൈ, രമേശ് തിലക് എന്നിവരും സിനിമയുടെ ഭാഗമാകുമെന്നാണ് സൂചന.