ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തെ തുടര്‍ന്ന് നിരവധി വിവാദങ്ങളും ചര്‍ച്ചകളും നടക്കുമ്പോള്‍ താരത്തിന്‍റെ മരണം ആത്മഹത്യ തന്നെയാണെന്നും കൊലപാതകമല്ലെന്നും വ്യക്തമാക്കി സിബിഐക്ക് കഴിഞ്ഞ ദിവസം ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫോറന്‍സിക് വിദഗ്‌ധ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ശരീരത്തില്‍ മുറിവുകളോ പിടിവലി നടന്നതിന്‍റെ ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്നും കഴുത്തില്‍ തുണി കുരുങ്ങിയതിന്‍റെ പാടുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.ഗുപ്‌ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ എയിംസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച് സിബിഐക്ക് കത്തെഴുതിയിരിക്കുകയാണ് സുശാന്തിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍. സിബിഐ ഡയറക്ടര്‍ റിഷി കുമാര്‍ ശുക്ലക്കാണ് സുശാന്തിന്‍റെ അഭിഭാഷകന്‍ വരുണത്തെ സിംഗ് കത്തെഴുതിയിരിക്കുന്നത്.
എയിംസിന്‍റേത് തെറ്റായ റിപ്പോര്‍ട്ട്; സിബിഐക്ക് കത്തെഴുതി സുശാന്തിന്‍റെ അഭിഭാഷകന്‍ - സുശാന്തിന്‍റെ അഭിഭാഷകന്‍
സിബിഐക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ ഒരു പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് പലതവണ എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.സുധീര്‍ ഗുപ്തയെ സമീപിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് കത്തില്‍ സുശാന്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു
സിബിഐക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ ഒരു പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് പലതവണ എയിംസ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.സുധീര്‍ ഗുപ്തയെ സമീപിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് കത്തില്‍ സുശാന്തിന്‍റെ അഭിഭാഷകന്‍ പരാതിപ്പെട്ടു. എയിംസ് ഫോറന്‍സിക് വിഭാഗം ശരീരം പരിശോധിച്ചിട്ടില്ലെന്നും മുംബൈ കൂപ്പര്‍ ആശുപത്രി സമര്‍പ്പിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അഭിപ്രായ പ്രകടനം നടത്തുകയാണ് എയിംസ് ഫോറന്‍സിക് വിഭാഗം ചെയ്തതെന്നും സുശാന്തിന്‍റെ അഭിഭാഷകന്‍ കത്തില്‍ രേഖപ്പെടുത്തി. മജിസ്ട്രേറ്റിന്‍റെ ഉത്തരവില്ലാതെ എടുത്തുചാടി പോസ്റ്റുമോര്‍ട്ടം നടത്തുകയാണ് മുംബൈ കൂപ്പര്‍ ആശുപത്രി ചെയ്തതെന്നും പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങളോ മറ്റ് കൂടുതല്‍ വിവരങ്ങളോ ആശുപത്രി അധികൃതര്‍ സൂക്ഷിച്ചിട്ടില്ലെന്നും കത്തില്‍ അഭിഭാഷകന്‍ പറഞ്ഞു. കൂപ്പർ ആശുപത്രി ഡോക്ടർമാരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സുശാന്തിന്‍റെ ശരീരത്തിലെ മുറുവുകളെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും ഒരു പോസ്റ്റുമോര്‍ട്ടം ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടികളൊന്നും ആശുപത്രി പാലിച്ചിട്ടില്ലെന്നും കത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. കൃത്യമായ പഠനമില്ലാതെ സുശാന്തിന്‍റെ കേസിലെ റിപ്പോര്‍ട്ട് സിബിഐക്ക് സമര്‍പ്പിച്ചതിലൂടെ ഡോ.ഗുപ്തയുടെ പെരുമാറ്റം അനീതിപരവും സർക്കാർ സേവന പെരുമാറ്റ ചട്ടങ്ങൾക്കും എംസിഐ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധവുമാണെന്ന് കത്തില്‍ പറയുന്നു.
അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുള്ള ഈ നടപടി എയിംസ് പോലുള്ള സ്ഥാപനത്തിന്മേല്‍ പൊതുജനത്തിന് ഉണ്ടായിരുന്ന വിശ്വാസത്തെ ദുർബലപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. അന്വേഷണ ഗതി മാറ്റാനും തെറ്റുകാര്‍ക്ക് നിയമത്തിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെടാനും ഉതകുന്നതാണ് ഡോ.ഗുപ്തയുടെ റിപ്പോര്‍ട്ടെന്നും ഈ സാഹചര്യങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റില്‍ ജൂണ്‍ നാലിനാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.