ബോളിവുഡിൽ 28 വർഷങ്ങൾ; ആരാധകർക്ക് നന്ദി അറിയിച്ച് കിങ് ഖാൻ - 28 years in bollywood
സിനിമാജീവിതത്തിൽ 28 വർഷം പൂർത്തിയാക്കാൻ സഹായിച്ച ആരാധകർക്ക് ഷാരൂഖ് ഖാൻ ഇൻസ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചു.
മുംബൈ:ബോളിവുഡിൽ 28 വർഷം പൂർത്തിയാക്കി കിങ് ഖാൻ. തന്‍റെ സിനിമാ ജീവിതത്തിലെ വിജയങ്ങൾക്കുള്ള നന്ദി പ്രേക്ഷകർക്ക് സമർപ്പിച്ചാണ് ഷാരൂഖ് ഖാൻ സന്തോഷം പങ്കുവെച്ചത്. "എന്‍റെ ആഗ്രഹം എപ്പോഴാണ് എന്‍റെ ലക്ഷ്യമായിത്തീർന്നതെന്ന് അറിയില്ല, അതുപോലെ പിന്നീട് അത് എന്‍റെ തൊഴിലാവുകയും ചെയ്‌തു. നിങ്ങളെ ഇത്രയും വർഷങ്ങളായി രസിപ്പിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി," എന്ന് ഇൻസ്റ്റഗ്രാമിൽ താരം കുറിച്ചു. തൊഴിലിനോടുള്ള എന്‍റെ അഭിനിവേശമല്ല, മറിച്ച് അഭിനയത്തോടുള്ള അഭിനിവേശമാണ് ഈ 28 വർഷങ്ങളിൽ തന്നിലൂടെ ആളുകൾ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യ ഗൗരി ഖാൻ എടുത്ത ചിത്രവും താരം പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. 1992ൽ ദീവാനാ ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, ദിൽ തോ പാഗൽ ഹെ, കുഛ് കുഛ് ഹോതാ ഹെ, ചക് ദേ ഇന്ത്യ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളുവുഡിലെ സൂപ്പർ താരമായി മാറി.