നടനും മനുഷ്യസ്നേഹിയുമായ സോനു സൂദ് കൊവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം എയിര്‍ ലിഫ്‌റ്റ് ചെയ്‌ത കൊവിഡ് രോഗി ചികിത്സയില്‍ കഴിയവെ ഇന്നലെ രാത്രി മരിച്ചു. ഇപ്പോള്‍ 25കാരിയായ കൊവിഡ് രോഗിയുടെ വിയോഗത്തില്‍ മനംനൊന്ത് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സോനു സൂദ്. നടന്‍റെ സഹായത്തോടെയാണ് പ്രത്യേക ചികിത്സക്കായി ഭാരതി എന്ന യുവതിയെ നാഗ്പൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് എയര്‍ലിഫ്‌റ്റ് ചെയ്‌തത്. ജീവിതം ചിലപ്പോള്‍ ഒട്ടും ശുഭകരമല്ലെന്ന് കുറിച്ചാണ് വിയോഗവാര്‍ത്തയില്‍ നടന്‍ ദുഃഖം രേഖപ്പെടുത്തിയത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ഭാരതിയെ പ്രവേശിപ്പിച്ചിരുന്നത്.
'ഭാരതി.... ഹൈദരാബാദിലേക്ക് ഞാന്‍ എയര്‍ലിഫ്റ്റ് ചെയ്‌തയച്ച പെണ്‍കുട്ടി ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങി. കഴിഞ്ഞ മാസം നിങ്ങള്‍ ഒരു കടുവയെപ്പോലെ പോരാടി. നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും എന്‍റെ മനസില്‍ നിങ്ങള്‍ക്കൊരു പ്രത്യേക സ്ഥാനം എന്നും ഉണ്ടായിരിക്കും. ഭാരതിയുടെ കുടുംബത്തെ ഞാന്‍ ഉടന്‍ സന്ദര്‍ശിക്കും. ജീവിതം ചിലപ്പോള്‍ ഒട്ടും ശുഭകരമല്ല. തീര്‍ച്ചയായും ഈ ലോകം നിന്നെ മിസ് ചെയ്യും ഭാരതി...' എന്നാണ് സോനു സൂദ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.