ന്യൂഡൽഹി: കൊവിഡിലെ സൂപ്പർഹീറോ സോനൂ സൂദായിരുന്നു. കൊവിഡിൽ നാട്ടിലെത്താനാകാതെ രാജ്യത്തിന് അകത്തും പുറത്തും കുടുങ്ങിയ ഇന്ത്യക്കാരെ സഹായിച്ചും അതിഥി തൊഴിലാളികൾക്കും പൊലീസുകാർക്കും മഹാമാരിക്കിടയിൽ കൈത്താങ്ങായും സാമൂഹിക സേവന രംഗത്ത് ബോളിവുഡ് താരം സജീവമായിരുന്നു. വെള്ളിത്തിരയിൽ വില്ലനായും സഹനടനായുമൊക്കെ തിളങ്ങിയ താരം നിസ്വർഥ സേവനങ്ങളിലൂടെ ജീവിതത്തിലെ യഥാർഥ ഹീറോയായി മാറിയത് അങ്ങനെയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ സേവനപ്രവർത്തനങ്ങൾക്ക് പഞ്ചാബ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരമാണ് വന്നുചേർന്നത്.
കൊവിഡ് കാലത്തെ സൂപ്പർ ഹീറോക്ക് പഞ്ചാബ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരം - കൊവിഡ് കാലത്തെ സൂപ്പർ ഹീറോ
പഞ്ചാബ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്റ്റേറ്റ് ഐക്കണായി സോനു സൂദിനെ തെരഞ്ഞെടുത്തു. താരത്തിന് ഈ പദവി നൽകുന്നത് യുവവോട്ടർമാർക്ക് പ്രചോദനമാകുമെന്ന് പഞ്ചാബ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അഭിപ്രായപ്പെട്ടു.
പഞ്ചാബ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സ്റ്റേറ്റ് ഐക്കണായാണ് സോനുവിനെ തെരഞ്ഞെടുത്തത്. ജനങ്ങളുടെ യഥാർഥ നായകൻ ഈ പദവിയിലേക്ക് വരുമ്പോൾ അത് ഒരുപാട് യുവവോട്ടർമാർക്ക് പ്രചോദനമാകുമെന്ന് പഞ്ചാബ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അഭിപ്രായപ്പെട്ടു.
കൊവിഡ് കാലത്ത് നിസ്സഹായരായ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഈ വർഷം സെപ്‌തംബർ 30ന് ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ സ്പെഷ്യൽ ഹ്യൂമാനിറ്റേറിയൻ ആക്ഷൻ അവാർഡും സോനുവിന് ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ, സോനുവിൻെറ ജീവിതാനുഭവങ്ങളെ ആധാരമാക്കി 'ഐ ആം നോ മിശിഹാ' എന്ന പേരിൽ ഒരു പുസ്‌തകവും തയ്യാറാക്കുന്നുണ്ട്.