മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്‍റെ ജീവിത കഥ പറയുന്ന 'മേജർ' സിനിമയിൽ പ്രധാന വേഷത്തിൽ ശോഭിത ധൂലിപാലയും. തെലുങ്ക് നടൻ മഹേഷ് ബാബു ആദ്യമായി നിർമാതാവാകുന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നുവെന്ന് ധൂലിപാല വ്യക്തമാക്കിയിട്ടുണ്ട്. മുബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എന്‍.എസ്.ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ബയോപിക്കിൽ അദിവി സേഷാണ് നായകൻ.
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ ബയോപിക്കിൽ മുഖ്യ വേഷത്തില്‍ ശോഭിത ധൂലിപാലയും - major film
തെലുങ്ക്, ഹിന്ദി ഭാഷകളിലൊരുക്കുന്ന മേജർ എന്ന ചിത്രത്തിൽ അദിവി സേഷിനൊപ്പം ബോളിവുഡ് നടി ശോഭിത ധൂലിപാലയും പ്രധാന വേഷത്തിലെത്തുന്നു.
"മേജറിലെ എന്‍റെ കഥാപാത്രം കുറ്റമറ്റ രീതിയിലും സത്യസന്ധതയോടെയുമാണ് വിവരിച്ചിരിക്കുന്നത്. ഗൂഢാചാരി എന്ന എന്‍റെ ആദ്യ തെലുങ്ക് ചിത്രം വലിയ നിരൂപക ശ്രദ്ധയും ഒപ്പം വാണിജ്യപരമായും വിജയിച്ചിരുന്നു. അതിനാൽ തന്നെ, അതേ ടീമിനൊപ്പം മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നത് എനിക്ക് ഇരട്ടി സന്തോഷമാണ്,” ശോഭിത ധൂലിപാല പറഞ്ഞു. ഗൂഢാചാരിക്ക് ശേഷം ശശി കിരണിനും അദിവി സേഷിനുമൊപ്പമാണ് ധൂലിപാല വീണ്ടും ഒന്നിക്കുന്നത്.
ശശി കിരണ്‍ ടിക്കയാണ് മേജർ സംവിധാനം ചെയ്യുന്നത്. "ഗൂഢാചാരി എന്ന തെലുങ്ക് സൂപ്പർഹിറ്റിന് ശേഷം ശോഭിതയുമായി പ്രവർത്തിക്കുന്നതിൽ അത്യധികം സന്തോഷം. മേജർ ഹിന്ദിയിൽ കൂടി എത്തിക്കുന്നതിനാൽ ഞങ്ങളുടെ വെല്ലുവിളി ഇരട്ടിയാണ്," ശശി കിരണ്‍ വ്യക്തമാക്കി. സോണി പിക്ച്ചേഴ്‌സ് ഇന്ത്യയുടെയും ജിഎംബി എന്‍റർടെയ്‌ന്‍മെന്‍റിന്‍റെയും ബാനറിലാണ് ചിത്രം പുറത്തിറക്കുന്നത്. ഈ വർഷം മേജർ തിയേറ്ററുകളിലെത്തും.