മുംബൈ: ബോളിവുഡില്‍ സിനിമകൾ കുറയാനുള്ള കാരണം സംഗീത സാമ്രാട്ട് എ.ആർ റഹ്മാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്ക് എ.ആർ തന്നെ വിരാമമിട്ടിരിക്കുകയാണ്. തനിക്കെതിരെ ബോളിവുഡിൽ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നതായും ഇതിന് പിന്നിൽ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുവെന്നുമാണ് ഓസ്‌കർ ജേതാവായ സംഗീത സംവിധായകൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ, ബോളിവുഡിനെതിരെ ശേഖർ കപൂറും പ്രതികരിച്ചിരുന്നു. എന്നാൽ, പാഴായിപ്പോയ സമയം ഇനി തിരികെ ലഭിക്കില്ലെന്നും നമുക്ക് മുന്നോട്ട് പോവാമെന്നുമാണ് ശേഖര്‍ കപൂറിന്‍റെ ട്വീറ്റിന് എ.ആർ നല്‍കിയ മറുപടി. "നഷ്ടപ്പെട്ട പണം തിരികെ വരും, പ്രശസ്‌തിയും തിരികെ ലഭിക്കും, പക്ഷേ പാഴായിപ്പോയ നമ്മുടെ ജീവിതത്തിലെ പ്രധാന സമയം തിരിച്ചുവരില്ല. സമാധാനം! നമുക്ക് മുന്നോട്ട് പോകാം. നമുക്ക് ഇനിയും മഹത്തായ കാര്യങ്ങൾ ചെയ്യാനുണ്ട്," റഹ്‌മാന്‍ ശേഖർ കപൂറിന്‍റെ ട്വീറ്റിനോട് പ്രതികരിച്ചു.
എ.ആർ റഹ്‌മാന് ഓസ്‌കർ ലഭിച്ചത് ബോളിവുഡിന് മരണതുല്യമായ അനുഭവമായിരുന്നുവെന്നും ഹിന്ദി സിനിമാലോകത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് റഹ്‌മാന്‍റെ കഴിവ് എന്നതാണ് അവാർഡ് നേട്ടത്തിലൂടെ സൂചിപ്പിക്കുന്നതെന്നുമാണ് സംവിധായകൻ ശേഖര്‍ കപൂര്‍ പറഞ്ഞത്.