വിഷു ദിനത്തിലാണ് തമിഴിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായ വിക്രം സിനിമ അന്യന് ഹിന്ദി റിമേക്ക് വരാന്‍ പോകുന്നുവെന്ന വിവരം സംവിധായകന്‍ ശങ്കര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ പകര്‍പ്പവകാശ ലംഘനം ആരോപിച്ച് നിര്‍മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍ രംഗത്തെത്തി. സിനിമയുടെ പകര്‍പ്പവകാശം നിര്‍മാതാവിന് സ്വന്തമാണെന്നും അത് ലംഘിക്കാന്‍ സംവിധായകന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രവിചന്ദ്രന്‍ ശങ്കറിന് നോട്ടീസ് അയച്ചത്. അന്തരിച്ച എഴുത്തുകാരന്‍ സുജാത രംഗരാജനില്‍നിന്ന് ചിത്രത്തിന്‍റെ കഥ പണം കൊടുത്ത് വാങ്ങിയതാണെന്നും അതിനാല്‍ പൂര്‍ണ ഉടമസ്ഥാവകാശം തനിക്കാണെന്നും രവിചന്ദ്രന്‍ അയച്ച നോട്ടീസില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ വിഷയത്തില്‍ നിര്‍മാതാവിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശങ്കര്‍. അന്യന്‍ സിനിമയുടെ കഥയും തിരക്കഥയും തന്‍റെതാണെന്നും അതില്‍ മറ്റൊരാള്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നുമാണ് ശങ്കര്‍ പ്രതികരിച്ചത്. 'സിനിമ റിലീസ് ചെയ്‌തത് എന്‍റെ പേരിലാണ്. തിരക്കഥ എഴുതാനോ കഥ എഴുതാനോ മറ്റാരെയും ഏര്‍പ്പാടാക്കിയിരുന്നില്ല. എന്‍റെ അവകാശം ഒരു കാരണവശാലും മറ്റൊരാള്‍ക്ക് ചോദ്യം ചെയ്യാനാകില്ല. അന്യന്‍റെ കഥ എനിക്ക് എന്തും ചെയ്യാനാകും. സിനിമയുടെ കഥയിലോ തിരക്കഥയിലോ കഥാപാത്ര നിര്‍മിതിയിലോ സുജാത കൂടെയുണ്ടായിരുന്നില്ല. സംഭാഷണം എഴുതിയിട്ടുണ്ട് എന്നതാണ് അദ്ദേഹവും ഈ സിനിമയുമായുള്ള ബന്ധം. അതുകൊണ്ട് മാത്രം തിരക്കഥ അദ്ദേഹത്തിന്‍റെതാകുന്നില്ല. അതിന്‍റെ പൂര്‍ണ അവകാശം എനിക്ക് മാത്രമാണ്' ശങ്കര്‍ നോട്ടീസില്‍ വിശദമാക്കി.