മുംബൈ: അനുരാഗ് ബസു സംവിധാനം ചെയ്‌ത 2004ലിറങ്ങിയ ഹിന്ദി ചിത്രം 'മർഡറി'ന് ശേഷം നടൻ ഇമ്രാന്‍ ഹാഷ്‌മിക്ക് സിനിമാപ്രേമികൾ നൽകിയ പേരാണ് ബോളിവുഡിന്‍റെ 'സീരിയൽ കിസ്സർ'. എന്നാൽ, ഈ വിശേഷണത്തിനെതിരെ താരം ഇപ്പോൾ പ്രതികരണവുമായെത്തി. "സാധാരണ ഇത്തരം ടാഗുകൾ എന്നെ ബാധിക്കാറില്ല. എന്നാൽ, ഇതെന്നെ അസ്വസ്ഥനാക്കുന്നു. എല്ലാവരും കിസ്സിങ്ങ് സീനുകളെ കുറിച്ച് മാത്രം പറയുമ്പോൾ സിനിമയുടെ കഥയും അവതരണവും മ്യൂസിക്കും അഭിനയവുമെല്ലാം അവഗണിക്കപ്പെടുകയാണ്. സിനിമ ഒരാളുടെ മാത്രം അധ്വാനമല്ല. അതിനാൽതന്നെ പ്രേക്ഷകർ സിനിമയിലെ പ്രധാന കാര്യങ്ങളെ പരിഗണിക്കാതെ ചെറിയ കാര്യങ്ങളുലേക്കൊതുങ്ങുന്നത് വിഷമിപ്പിക്കുന്നുണ്ട്," ഹാഷ്‌മി പറഞ്ഞു.
ആഷിക് ബനായ ആപ്നേ, മർഡർ ചിത്രങ്ങൾ താരത്തിന് നൽകിയ റൊമാന്‍റിക് പദവിയിൽ നിന്നും വ്യത്യസ്‌തത പുലർത്തുന്ന കഥാപാത്രങ്ങളും ഹാഷ്‌മിയിൽ നിന്നും ബോളിവുഡിന് കിട്ടിയിട്ടുണ്ട്. 'വൺസ് അപോൺ എ ടൈം', 'ദി ഡേർട്ടി പിക്‌ചർ', 'ഷാങ്ഹായ്' 'അസർ' തുടങ്ങി 'ബാഡ് ഓഫ് ബ്ലഡ്' സീരീസുകൾ വരെയും ഇതിനുദാഹരണങ്ങളാണ്. "ത്രില്ലറുകളാണ് എനിക്ക് കൂടുതലും ഇഷ്ടം. ഞാൻ സിനിമയിലെത്തുന്ന സമയം ബോളിവുഡിന് കൂടുതലും ഹാസ്യചിത്രങ്ങളിലായിരുന്നു ശ്രദ്ധ. എന്നാൽ, അഭിനയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന ആക്ഷനും കോമഡിയുമല്ലാത്ത സിനിമകൾ ഞാൻ തെരഞ്ഞെടുത്തു," ഗാങ്‌സ്റ്റർ, മർഡർ 2 തുടങ്ങിയ സിനിമകളിലെ വേറിട്ട കഥാപാത്രങ്ങളെക്കുറിച്ച് ഹാഷ്‌മി പറയുന്നു.
'സീരിയൽ കിസ്സറെ'ന്നത് അപമാനമല്ല, പക്ഷേ അസ്വസ്ഥനാക്കുന്നു; ഇമ്രാന്‍ ഹാഷ്‌മി
സിനിമയുടെ കഥയും അവതരണവുമൊന്നും പരിഗണിക്കാതെ ചുംബനരംഗങ്ങളെക്കുറിച്ച് മാത്രം പ്രേക്ഷകർ ചർച്ച ചെയ്യുന്നത് വിഷമിപ്പിക്കുന്നുണ്ടെന്ന് ഇമ്രാന്‍ ഹാഷ്‌മി പറഞ്ഞു.
ഇമ്രാന്‍ ഹാഷ്‌മി
ഇമ്രാന്‍ ഹാഷ്‌മിയുടെ അടുത്ത ചിത്രങ്ങൾ അമിതാഭ് ബച്ചനോടൊപ്പം 'ചെഹരെ'യും റിഷി കപൂറിനൊപ്പം 'ദി ബോഡി'യുമാണ്. 'ദി ബോഡി' ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് സിനിമ കൂടിയാണ്.