ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ നഷ്‌ടത്തിന്‍റെ ആഘാതത്തിലാണ് അദ്ദേഹത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും ഇപ്പോഴും. അദ്ദേഹത്തിന്‍റെ അവസാന ചിത്രമായ ‘ദിൽ ബെചാരെ’യിലെ നായിക സഞ്ജന സങ്കിക്കും സഹതാരവും സുഹൃത്തുമായ സുശാന്തിന്‍റെ മരണം ഉൾക്കൊള്ളാനായിട്ടില്ല. നടി പങ്കുവെക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റും സുശാന്തുമൊത്തുള്ള വൈകാരിക അനുഭവങ്ങളെ കുറിച്ചാണ്. സുശാന്തിന്‍റെ ഓർമകൾ ഇന്നും തന്നെ വിട്ടുപോകുന്നില്ല എന്നാണ് സഞ്ജന പങ്കുവെച്ച കുറിപ്പിലൂടെ വിവരിക്കുന്നത്. ഒപ്പം, അദ്ദേഹത്തിനൊപ്പമുള്ള ഷൂട്ടിങ്ങിലെ അനുഭവങ്ങൾ തിരികെ വേണമെന്നും താരം കുറിക്കുന്നു.
ആഹാരത്തിലും പുസ്‌തകത്തിലും വഴക്കിട്ടിരുന്ന സഹതാരത്തിന്‍റെ ഓർമകളിൽ സഞ്ജന സങ്കി - bollywood actor
സുശാന്തിന്‍റെ ഓർമകൾ ഇന്നും തന്നെ വിട്ടുപോകുന്നില്ല എന്നും അദ്ദേഹത്തിനൊപ്പം ഷൂട്ടിങ്ങ് ഇടവേളകളിൽ തർക്കിച്ചിരുന്ന അനുഭവങ്ങളും സഞ്ജനാ സങ്കി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിച്ച് എഴുതുന്നു.
"നിന്‍റെ പൊട്ടത്തരങ്ങൾക്കും തമാശകൾക്കും ഇനിയും ചിരിക്കണം. ആരാണ് കൂടുതൽ ഓംലെറ്റ് കഴിക്കുന്നതെന്നും കൂടുതൽ ചായ കുടിക്കുന്നതെന്നും എന്നതിൽ വഴക്കിടണം. നന്നായി പണിയെടുത്തെന്ന് കാണിക്കുന്നതിൽ ആരുടെ സ്‌ക്രിപ്റ്റ് കൂടുതൽ കേടുപാടുകൾ സംഭവിച്ചു എന്നതിനെ പറ്റി നിങ്ങളുമായി തർക്കിക്കണം. പ്രയാസമുള്ള സീനുകൾക്കിടയിൽ നിന്നും ഡാൻസ് കളിക്കാമെന്ന് നീ വിളിക്കുമ്പോൾ പിന്നാലെ വരണം. യുവാല്‍ നോഹ ഹരാരിയുടെയും ഫ്രൂയിഡിന്‍റെയും പുസ്തകങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറഞ്ഞ് തർക്കിക്കണം," എന്നാണ് സഞ്ജന സങ്കി എഴുതിയത്. സുശാന്ത് നായകനായ അവസാന ചിത്രം ദിൽ ബെചാരെ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂലായ് 24ന് റിലീസ് ചെയ്യും. റോക്ക്സ്റ്റാർ, ഹിന്ദി മീഡിയം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സഞ്ജന നായികയായി എത്തുന്ന ആദ്യ ബോളിവുഡ് സിനിമയാണ് ദിൽ ബെചാരെ.