ബോളിവുഡ് നടിയും മോഡലുമായ സനാ ഖാന്‍ അഭിനയവും മോഡലിങും നിര്‍ത്തി. വിനോദ വ്യവസായത്തിന്‍റെ പടിയിറങ്ങുകയാണെന്ന് താരം വ്യാഴാഴ്ച സോഷ്യല്‍മീഡിയ വഴി അറിയിച്ചു. പുതിയ തീരുമാനത്തിന്‍റെ ഭാഗമായി ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും ഫോട്ടോഷൂട്ട് ചിത്രങ്ങളും നൃത്ത വീഡിയോകളും സനാ ഖാന്‍ നീക്കം ചെയ്‌തു. സിനിമാ ജീവിതം പ്രശസ്‌തിയും ബഹുമാനവും സമ്പത്തും നല്‍കി. എന്നാല്‍ ധനവും പ്രശസ്‌തിയും മാത്രമല്ല ലക്ഷ്യമെന്ന് മനസിലാക്കുന്നെന്നും ഇനി സൃഷ്ടാവിനെ പിന്തുടര്‍ന്ന് മനുഷ്യത്വത്തെ സേവിക്കാനാണ് ഉദ്ദേശമെന്നും താരം കുറിച്ചു.
ആത്മീയതയുടെ പാതയിലേക്ക്; അഭിനയവും മോഡലിങും നിര്‍ത്തിയെന്ന് നടി സനാ ഖാന്‍ - സനാ ഖാന്‍ വാര്‍ത്തകള്‍
അഞ്ച് ഭാഷകളിലായി 14 സിനിമകള്‍ ചെയ്‌തിട്ടുള്ള സനാ ഖാന്‍ 50 പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2012 ബിഗ്‌ബോസ് ടെലിവിഷന്‍ ഷോയിലെ ഫൈനലിസ്റ്റായിരുന്നു
'ഇപ്പോള്‍ ഞാന്‍ ജീവിതത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് നില്‍ക്കുന്നത്. വര്‍ഷങ്ങളായി ഞാന്‍ വിനോദ വ്യവസായത്തിന്‍റെ ഭാഗമായിരുന്നു. അത് എനിക്ക് പ്രശസ്തിയും പണവും ആരാധകരുടെ സ്‌നേഹവും നല്‍കി. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില കാര്യങ്ങള്‍ മനസിലാക്കുകയായിരുന്നു. മനുഷ്യന്‍ ഈ ലോകത്തേക്ക് വരുന്നത് പണവും പ്രശസ്തിയും നേടാന്‍ മാത്രമാണോ? നിസഹായരാവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും അവര്‍ക്ക് വേണ്ടി കൂടി ജീവിക്കുക എന്നതും അവരുടെ കര്‍ത്തവ്യത്തിന്‍റെ ഭാഗമല്ലേ? ഏത് നിമിഷവും ഒരാള്‍ മരണപ്പെടാം. ഭൂമിയില്‍ ഇല്ലാതാകുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഈ ചോദ്യങ്ങള്‍ കുറേ ദിവസമായി എന്നെ പിന്തുടരുകയായിരുന്നു. പ്രത്യേകിച്ചും മരണശേഷം എന്ത് സംഭവിക്കും എന്നത്. ഈ ചോദ്യം ഞാന്‍ എന്‍റെ മതത്തോടും ചോദിച്ചു. മരണശേഷമുള്ള നല്ല ജീവിതത്തിന് വേണ്ടിയുള്ളതാണ് ഇഹലോക വാസമെന്ന് തിരിച്ചറിഞ്ഞു. അതിന് ഏറ്റവും നല്ല മാര്‍ഗം സൃഷ്ടാവിനെ അറിയുകയും അവന്‍റെ കല്‍പ്പനകള്‍ പാലിക്കുകയും ചെയ്യുക എന്നതാണ്. പണവും പ്രശസ്തിയുമല്ല പ്രധാന കാര്യമെന്ന് തിരിച്ചറിഞ്ഞു' സനാ ഖാന്‍ പറഞ്ഞു.
നടിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ പുതിയ മാറ്റത്തിന് ആശംസകളുമായി എത്തി. ഹല്ലാബോല്‍, ജെയ്‌ഹോ, വാജ തും ഹോ, ടോയ്‌ലറ്റ്:ഏക പ്രേംകഥ തുടങ്ങിയവയാണ് സനയുടെ ബോളിവുഡ് ചിത്രങ്ങള്‍. ചിലമ്പാട്ടം, തമ്പിക്ക് ഇന്ത ഈര, മി.നൂക്കയ്യ, തലൈവന്‍ എന്നീ തമിഴ് സിനിമകളിലും സനാ അഭിനയിച്ചിട്ടുണ്ട്. സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ മലയാള സിനിമ ക്ലൈമാക്‌സില്‍ നായിക സനാ ഖാനായിരുന്നു. അഞ്ച് ഭാഷകളിലായി 14 സിനിമകള്‍ ചെയ്തിട്ടുള്ള താരം 50 പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2012 ബിഗ്‌ബോസ് ടെലിവിഷന്‍ ഷോയിലെ ഫൈനലിസ്റ്റായിരുന്നു.