വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിരാമമിട്ടുകൊണ്ട് ദി ഫാമിലി മാൻ സീസൺ 2 മികച്ച പ്രതികരണം നേടി സംപ്രേഷണം തുടരുകയാണ്. തന്നെ സ്റ്റാർ ആക്കിയ തമിഴ്‌നാടിനോട് നന്ദികേട് കാണിച്ചുവെന്ന തരത്തിൽ ഷെയിം ഓൺ യൂ സാമന്ത ഹാഷ് ടാഗുകൾ നേരത്തെ നിറഞ്ഞിരുന്നു. എന്നാൽ, സീരീസിന്‍റെ റിലീസിന് പിന്നാലെ പല കോണുകളിൽ നിന്നായി സാമന്തക്ക് അഭിനന്ദനങ്ങൾ ഉയരുകയാണ്.
ഇപ്പോഴിതാ തന്‍റെ കഥാപാത്രം രാജിയെ കുറിച്ചും, ഒപ്പം ആരാധകർ നൽകുന്ന പ്രതികരണത്തെ കുറിച്ചും ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരിക്കുകയാണ് താരം. പ്രശംസക്കും അഭിപ്രായം പങ്കുവക്കുന്നതിലും സന്തോഷമുണ്ടെന്നും അവ വായിക്കുമ്പോൾ സന്തോഷം കൊണ്ടെന്‍റെ ഹൃദയം നിറഞ്ഞുവെന്നും സാമന്ത അറിയിച്ചു. രാജി ഒരു സാങ്കൽപിക കഥാപാത്രമാണെങ്കിൽ പോലും തന്നെ സംബന്ധിച്ചിടത്തോളം യുദ്ധത്തിൽ മരണമടഞ്ഞവർക്കുള്ള സമർപ്പണം കൂടിയാണ്. രാജി എപ്പോഴും തനിക്ക് സവിശേഷമായ ഒരു കഥാപാത്രമായിരിക്കുമെന്നും നടി പറഞ്ഞു.
More Read: ദി ഫാമിലി മാൻ 2ൽ രാജിക്ക് അഭിനന്ദനപ്രവാഹം, ട്വിറ്ററിൽ സാമന്ത അക്കിനേനിക്ക് ഹാഷ് ടാഗുകൾ
ദി ഫാമിലി മാൻ 2വിന്‍റെ സംവിധായകരായ രാജിനും ഡികെക്കുമൊപ്പമുള്ള ലൊക്കേഷൻ ചിത്രം ഉൾപ്പെടുത്തിയാണ് സാമന്ത രാജിയെ കുറിച്ച് നീണ്ട കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. രാജിയെ അവതരിപ്പിക്കാൻ തയ്യാറായ കാരണവും നടി വിശദീകരിച്ചു.
സാമന്തയുടെ കുറിപ്പ്
'ഈ കഥാപാത്രത്തിനായി രാജും ഡികെയും എന്നെ സമീപിച്ചപ്പോൾ, രാജിക്കായി സംവേദനക്ഷമതയും സന്തുലിതാവസ്ഥയും ആവശ്യമാണെന്ന് എനിക്ക് മനസിലായിരുന്നു. ഈലം യുദ്ധത്തിലെ സ്ത്രീകളുടെ കഥകൾ അടങ്ങിയ തമിഴ് പോരാട്ടത്തിന്‍റെ ഡോക്യുമെന്‍ററികൾ അവർ എനിക്ക് കാണിച്ചു തന്നു. ആ ഡോക്യുമെന്‍ററികൾ ഈലാമിലെ തമിഴർ, ദീർഘനാളായി കടന്നുപോയ ദുരിതങ്ങളുടെയും അസഹനീയമായ വേദനയുടേതുമായിരുന്നു. അത് എന്നെ ഞെട്ടിച്ചു. എന്നാൽ, ഈ ഡോക്യുമെന്‍ററികൾക്ക് വളരെ കുറച്ച് കാഴ്‌ചക്കാർക്ക് മാത്രമേ ഉള്ളൂവെന്ന് മനസിലാക്കി. ഈലാമിൽ പതിനായിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടമായപ്പോൾ ലോകത്തിന് എങ്ങനെ പുറംതിരിഞ്ഞ് നിൽക്കാൻ തോന്നി. ലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ ഉപജീവനവും വീടുകളും നഷ്ടപ്പെട്ടു. അസംഖ്യം പലരും ആഭ്യന്തര കലാപത്തിന്‍റെ ഇരകളായി മനസിൽ മുറിവേറ്റ് വിദൂര ദേശങ്ങളിൽ താമസിക്കുന്നു.
രാജിയുടെ കഥ സാങ്കൽപ്പികമാണെങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം യുദ്ധത്തിൽ മരണമടഞ്ഞവർക്കും അതിന്‍റെ വേദനാജനകമായ ഓർമയിൽ ജീവിക്കുന്നവർക്കുമുള്ള സമർപ്പണം കൂടിയാണ്. രാജിയെ സമതുലിതമായും സസൂക്ഷ്മമായുമാണ് അവതരിപ്പിച്ചത്. വിദ്വേഷം, അടിച്ചമർത്തൽ, അത്യാഗ്രഹം എന്നിവയ്‌ക്കെതിരെ ഒത്തുചേർന്ന് പോരാടുന്നതിനുള്ള ഏറ്റവും അനിവാര്യമായ കാലമാണിത്. അതിൽ പരാജയപ്പെട്ടാൽ, അസംഖ്യം പേർക്ക് അവരുടെ വ്യക്തിത്വം, സ്വാതന്ത്ര്യം, സ്വയം നിർണയിക്കാനുള്ള അവകാശം എന്നിവയും നിഷേധിക്കപ്പെടും,' എന്ന് സാമന്ത അക്കിനേനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.