സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സൽമാൻ ഖാൻ അടക്കമുള്ളവർക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. സുശാന്തിന്‍റെ ഏഴു സിനിമകൾ നഷ്‌ടപ്പെടുത്തിയെന്നും താരത്തിനെ പല ആഘോഷ ചടങ്ങുകളിൽ നിന്നും ഒഴിവാക്കിയിരുന്നതായും ആരോപിച്ച് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുമുണ്ട്. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് ചർച്ചകൾ തുടങ്ങിയതോടെ ബോളിവുഡിലെ ആരോപിതരായ പ്രമുഖർക്കെതിരെയാണ് പ്രേക്ഷകരും. എന്നാൽ, സുശാന്തിന്‍റെ മരണം വലിയ നഷ്‌ടമാണെന്നും തന്‍റെ ആരാധകർ അദ്ദേഹത്തിന്‍റെ ആരാധകർക്ക് നേരെ മോശമായി പെരുമാറാതെ പിന്തുണ നൽകണമെന്നും ആവശ്യപ്പെടുകയാണ് സൽമാൻ ഖാൻ.
സുശാന്തിന്‍റെ ആരാധകർക്കും കുടുംബത്തിനുമൊപ്പം നിൽക്കണമെന്ന് സൽമാൻ ഖാൻ - Sushant's family and fans
സുശാന്തിന്‍റെ മരണം വലിയ നഷ്‌ടമാണെന്നും തന്‍റെ ആരാധകർ അദ്ദേഹത്തിന്‍റെ ആരാധകർക്ക് നേരെ മോശമായി പെരുമാറാതെ പിന്തുണ നൽകണമെന്നുമാണ് സൽമാൻ ഖാൻ ട്വിറ്ററിലൂടെ അറിയിച്ചത്.
"എന്‍റെ എല്ലാ ആരാധകരോടും സുശാന്തിന്‍റെ ആരാധകർക്കൊപ്പം നിൽക്കണമെന്ന് അഭ്യർഥിക്കുന്നു. ശാപവാക്കുകളിലൂടെയും മോശം ഭാഷയിലൂടെയും പെരുമാറരുത്, മറിച്ച് അവരുടെ പിന്നിലുള്ള വികാരത്തിനൊപ്പം പോകുക. അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പവും ആരാധകർക്കൊപ്പവും പിന്തുണയുമായി നിൽക്കുക. എന്തെന്നാൽ, പ്രിയപ്പെട്ട ഒരാളുടെ നഷ്ടം അങ്ങേയറ്റം വേദനാജനകമാണ്," സൽമാൻ ഖാൻ ട്വീറ്റ് ചെയ്‌തു. ഈ മാസം 14നാണ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന് വിഷാദരോഗമായിരുന്നും അദ്ദേഹത്തിന്‍റെ മാനസിക നില മോശമാകുന്നതിൽ ബോളിവുഡിനെ കീഴടക്കി വച്ചിരിക്കുന്ന ചില ആളുകൾ ഉണ്ടെന്നും തുറന്നുപറഞ്ഞ് നിരവധി പേർ രംഗത്തെത്തുകയും ചെയ്‌തു.