കൊവിഡ് രണ്ടാം ഘട്ടം രാജ്യത്ത് ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ നേരത്തെ റിലീസ് പ്രഖ്യാപിച്ച സിനിമകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍ സല്‍മാന്‍ ഖാന്‍റെ ഏറ്റവും പുതിയ സിനിമ 'രാധേ: യുവര്‍ മോസ്റ്റ് വാണ്ടട് ഭായ്' റിലീസ് ഇനി നീട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഈദ് റിലീസായി മെയ് 13ന് തന്നെ തിയേറ്ററുകളിലെത്തും. റിലീസിന് മുന്നോടിയായി ട്രെയിലര്‍ നാളെ പുറത്തിറങ്ങും. തിയേറ്റര്‍ റിലീസ് മാത്രമായിരിക്കില്ല ചിത്രത്തിനായി ഡിജിറ്റല്‍ റിലീസ് സൗകര്യങ്ങളും, ടെലിവിഷന്‍ പ്രീമിയറും നിര്‍മാതാക്കള്‍ ഒരുക്കിയിട്ടുണ്ട്.
റിലീസ് നീട്ടില്ല, സല്‍മാന്‍റെ 'രാധേ' പറഞ്ഞ സമയത്തെത്തും - സല്‍മാന്‍ ഖാന്‍ വാര്‍ത്തകള്‍
പ്രഭുദേവ സംവിധാനം ചെയ്‌ത 'രാധേ' തിയേറ്റര്‍ റിലീസ് മാത്രമല്ല ഒടിടി ടെലിവിഷന്‍ പ്രീമിയറും മെയ് 13ന് നടത്തും.

'രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും, കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന തിയേറ്ററുകളിലും രാധേ മെയ് 13ന് തന്നെ പ്രദര്‍ശനത്തിനെത്തും' എന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. തിയേറ്ററിന് പുറമെ സീ പ്ലക്‌സ്, സീ ഫൈവ് എന്നിവയിലൂടെയും ടെലിവിഷനിലൂടെയും സിനിമ സ്ട്രീം ചെയ്യും. സൽമാന്‍ ഖാനും ദിഷ പഠാനിയും പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ-ഡ്രാമ ചിത്രമാണ് രാധേ. സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത് പ്രഭുദേവയാണ്. 2009ൽ പ്രഭുദേവ സംവിധാനം ചെയ്‌ത സൽമാൻ ചിത്രം ‘വാണ്ടഡി’ലും സൂപ്പർതാരത്തിന്‍റെ പേര് രാധേ എന്നായിരുന്നു. ജാക്കി ഷ്രോഫ്, രണ്‍ദീപ് ഹൂഡ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെയും സൊഹൈല്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെയും ബാനറിൽ സല്‍മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍, അതുല്‍ അഗ്നിഹോത്രി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.