വിരഹത്തിന്‍റെ നൊമ്പരവും പ്രണയത്തിന്‍റെ നൈർമല്യവും താരാട്ടിന്‍റെ ആർദ്രതയുമെല്ലാം നിറയുന്ന അനശ്വര ഗാനങ്ങൾ. ഭാഷകളുടെ അതിരുകൾ ഭേദിക്കുന്ന അസാധ്യമായ ആലാപനം..
പതിനാറ് ഭാഷകളിലായി 40000ത്തില്‍ അധികം ഗാനങ്ങൾ.... ആറ് ദേശീയ പുരസ്കാരങ്ങൾ... എസ്.പി ബാലസുബ്രഹ്മണ്യം ഇനി ഓര്‍മ... ഇന്ത്യൻ സിനിമ സംഗീതത്തിന് ലാളിത്യത്തിന്‍റെ മുഖം നല്‍കിയ അനശ്വര ഗായകൻ. ശാസ്ത്രീയ സംഗീതത്തിന്‍റെ കൊടുമുടിയിലും ലളിത സംഗീതത്തിന്‍റെ താഴ്വരയിലും ഒരേസമയം എത്തിച്ചേരുന്ന അനായാസ ഗായകൻ.
1946 ജൂൺ 4ന് ആന്ധ്രയിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട ഗ്രാമത്തിലാണ് ശ്രീപതി പണ്ഡിറ്റാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി ബാലസുബ്രഹ്മണ്യം ജനിച്ചത്. പ്രമുഖ ഹരികഥാ കലാകാരനായിരുന്ന പിതാവ് എസ്.പി സമ്പാമൂർത്തിക്ക് മകൻ എഞ്ചിനീയറായി കാണാനായിരുന്നു ആഗ്രഹം. അനന്തപൂരിലെ എഞ്ചിനീയറിങ് കോളജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ വിദ്യാഭ്യാസം തുടരാൻ സാധിച്ചില്ല. ചെന്നൈ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സില്‍ പ്രവേശനം നേടിയെങ്കിലും സംഗീതം അപ്പൊഴേക്കും എസ്‌പിബിയുടെ ഹൃദയത്തില്‍ അലിഞ്ഞു ചേർന്നിരുന്നു.
ലളിതം സുന്ദരം സമ്മോഹനം... ആ ഗാനങ്ങൾ... ഓർമയായി എസ്.പി.ബി അച്ഛനിൽ നിന്നാണ് സംഗീതത്തിന്‍റെ ആദ്യപാഠങ്ങൾ ബാലസുബ്രമണ്യം പഠിച്ചത്. ഹാർമോണിയത്തിലും ഓടക്കുഴലിലും തുടക്കം. മത്സരങ്ങളില്‍ മികച്ച ഗായകൻ. ചലച്ചിത്ര പിന്നണി ഗായകനാകും മുമ്പ് അദ്ദേഹം ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ലളിത സംഗീതത്തില്‍ മികവ് പ്രകടിപ്പിച്ച എസ്‌പിബി 1966ൽ കോദണ്ഡപാണി സംഗീതം പകർന്ന തെലുങ്ക് ചിത്രം ‘ശ്രീ ശ്രീ മരയത രാമണ്ണ‘ യിൽ പാടിയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ചിത്രത്തിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് മദ്രാസിലെ പഠനകാലത്ത് സംഗീത സംവിധായകന്‍ എം.എസ് വിശ്വനാഥനുമായി എസ്.പി ബാലസുബ്രഹ്മണ്യം പരിചയത്തിലായി. എം.എസ് വിശ്വനാഥന്‍ സംഗീതം നല്‍കിയ 'ഹോട്ടൽ രംഭ’ എന്ന ചിത്രത്തിലെ ഗാനം പാടിയെങ്കിലും അത് പുറത്തിറങ്ങിയില്ല. പിന്നീട് ശാന്തിനിലയം എന്ന സിനിമയിൽ പി. സുശീലയൊടൊപ്പം പാടിയ ‘ഇയർകൈ എന്നും ഇളയകനി‘ എന്ന ഗാനം എം.ജി.ആറിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് എസ്.പി.ബി സിനിമാ പിന്നിണി ഗായകനായി മാറുന്നത്. ‘അടിമപ്പെൺ’ എന്ന സിനിമയിൽ കെ.വി മഹാദേവന്റെ സംഗീതത്തിൽ എം.ജി.ആറിന് വേണ്ടി പാടിയ ‘ആയിരം നിലവേ വാ’ ഹിറ്റായതോടെ തമിഴകം എസ്.പി.ബിയെ ഏറ്റെടുത്തു. കടല്‍പ്പാലമെന്ന ചിത്രത്തിന് വേണ്ടി വയലാറിന്‍റെ രചനയില്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീത്തില്‍ പുറത്തിറങ്ങിയ 'ഈ കടലും മറുകടലും' എന്ന ഗാനമാണ് എസ്.പി.ബി ആദ്യം മലയാളത്തില്‍ ആലപിച്ചത്. അതൊരു തുടക്കമായിരുന്നു. എസ്.പി.ബി മലയാളത്തില്‍ പാടിയ ഗാനങ്ങളെല്ലാം ഹിറ്റ്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, തുളു, ഒറിയ, അസമി, പഞ്ചാബി ഭാഷകളിലായി കൂടുതൽ ഗാനങ്ങള്‍ ആലപിച്ചുവെന്ന റെക്കോഡ് എസ്‌പിബിക്ക് സ്വന്തം. ഒരു ദിവസം 21 പാട്ടുകൾ വരെ പാടി റെക്കോർഡ് ചെയ്ത് ചരിത്രം സൃഷ്ടിച്ച കലാകാരനെന്ന ടാഗും എസ്.പി.ബിക്ക് മാത്രം സ്വന്തം. സംഗീതം ശാസ്ത്രീയമായി പഠിക്കാതിരുന്ന എസ്.പി.ബി ശങ്കരാഭരണത്തിലെ ഗാനങ്ങളിലൂടെ തെലുങ്കിലും തമിഴിലും ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു. മികച്ച ഗായകനുള്ള ദേശീയ അവാർഡും ശങ്കരാഭരണത്തിലൂടെ എസ്‌പിബി സ്വന്തമാക്കി. കെ.ബാലചന്ദ്രൻ സംവിധാനം ചെയ്ത ഏക് ദുജേ കേലിയേ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. 1981ൽ വീണ്ടും ദേശീയ അവാർഡ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലെ ഗാനങ്ങൾ ആറ് ദേശീയ പുരസ്കാരങ്ങളാണ് എസ്‌പിബിക്ക് സമ്മാനിച്ചത്. കർണാടക സർക്കാരിന്‍റെ മികച്ച ഗായകനുള്ള പുരസ്കാരം മൂന്ന് തവണയും തമിഴ്നാട് സർക്കാരിന്‍റെ മികച്ച ഗായകനുള്ള പുരസ്കാരം നാല് തവണയും നേടിയ എസ്.പി.ബി, മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാരിന്‍റെ നന്ദി അവാർഡ് സ്വന്തമാക്കിയത് 24 തവണയാണ്. 2001ല്‍ പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.