മുംബൈ:രാജമൗലിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രം 'ആർആർആറി'ൽ നിന്നും ആലിയ ഭട്ടിനെ ഒഴിവാക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ. നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവും തുടർന്ന് ബോളിവുഡിൽ ഉയർന്നുവന്ന സ്വജനപക്ഷപാത ചർച്ചകളുടെയും പശ്ചാത്തലത്തിൽ ആലിയ ഭട്ടിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ആലിയ ഭട്ടിന് പകരം രാജമൗലിയുടെ പുതിയ ചിത്രത്തിൽ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജമൗലി ചിത്രത്തിൽ ആലിയക്ക് പകരം പ്രിയങ്കയോ? - alia rajamouli
നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവും തുടർന്ന് ബോളിവുഡിൽ ഉയർന്നുവന്ന സ്വജനപക്ഷപാത ചർച്ചകളുടെയും പശ്ചാത്തലത്തിൽ ആലിയ ഭട്ടിനെ സിനിമയിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് സൂചനകൾ.
എന്നാൽ, ഇതാദ്യമായല്ല ആലിയ രാജമൗലിയുടെ സിനിമയുടെ ഭാഗമാകില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്. ആലിയ തന്നെ തന്‍റെ റോളിന്‍റെ ദൈർഘ്യം ചൂണ്ടിക്കാട്ടി ആർആർആറിൽ നിന്ന് മാറിയിരുന്നുവെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
450 കോടി ബജറ്റിലൊരുക്കുന്ന പിരിയഡ് ഡ്രാമയിൽ തെലുങ്കു സൂപ്പർ താരങ്ങളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവരും ബോളിവുഡ് നടൻ അജയ് ദേവ്ഗണും പ്രധാന വേഷത്തിലെത്തുന്നു. ഹോളിവുഡ് അഭിനേതാക്കളായ റേ സ്റ്റീവൻസൺ, ആലിസൺ ഡൂഡി എന്നിവർക്കൊപ്പം സമുദ്രക്കനിയും ആർആർആറില്‍ അഭിനയിക്കുന്നുണ്ട്. സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നിവരുടെ ജീവിതകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കുന്ന ബഹുഭാഷാ ചിത്രം 2021 ജനുവരി എട്ടിന് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് മുടങ്ങിയ സാഹചര്യത്തിൽ റിലീസ് വൈകും. അതേ സമയം, ആലിയ ഭട്ടിന്‍റേതായി റിലീസിന് തയ്യാറെടുക്കുന്ന ഹിന്ദി ചിത്രം സടക്2വാണ്. കൂടാതെ, സഞ്ജയ് ലീല ബൻസാലിയുടെ ഗാംഗുബായ് കത്തിയവാടി, കരൺ ജോഹറിന്‍റെ തക്‌ത് ചിത്രങ്ങളിലും ആലിയ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.