സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിനെ തുടർന്ന് ബോളിവുഡിലെ പ്രമുഖർക്ക് നേരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. സുശാന്തിന്‍റെ വേദന എന്തെന്ന് വ്യക്തമായി അറിയാമെന്ന് തുറന്നുപറഞ്ഞ സംവിധായകനും നടനുമായ ശേഖർ കപൂർ പങ്കുവെച്ച പുതിയ ട്വീറ്റിനെ പിന്തുണച്ചു കൊണ്ട് ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി രംഗത്ത് എത്തി.
ആളുകളെയല്ല, സിസ്റ്റത്തെ താഴെയിറക്കൂ: ശേഖർ കപൂറിന് പിന്തുണയുമായി റസൂൽ പൂക്കുട്ടി - Bring down bollywood's system
ബോളിവുഡ് സ്വജനപക്ഷപാതത്തിലുള്ള ആളുകളെ അല്ല, ആ സമ്പ്രദായത്തെയാണ് താഴെയിറക്കേണ്ടതെന്ന് സംവിധായകൻ ശേഖർ കപൂർ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.
"കുറച്ച് ആളുകളുടെ പേര് എടുത്തുപറഞ്ഞത് കൊണ്ട് പ്രയോജനമില്ല. ഇപ്പോൾ പ്രതിഷേധം പ്രകടിപ്പിക്കുന്ന ഒരു ‘സിസ്റ്റത്തിന്‍റെ’ ഉൽപന്നങ്ങളും ഇരകളും മാത്രമാണ് അവർ. നിങ്ങൾ ശരിക്കും ഇതിനെ പരിഗണിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ശരിക്കും രോഷമുണ്ടെങ്കിൽ, ആ സമ്പ്രദായത്തിനെ താഴെയിറക്കുക, അല്ലാതെ, വ്യക്തിയെയല്ല. അതാണ് ഗറില്ലാ യുദ്ധം. കോപത്തിന്‍റെ കുതിച്ചു ചാട്ടമല്ല വേണ്ടത്." സുശാന്ത് സിംഗ് രജ്‌പുത് എന്ന ഹാഷ്‌ടാഗിലുള്ള ബോളിവുഡ് സംവിധായകന്‍റെ ട്വീറ്റിന് പിന്തുണ അറിയിച്ചാണ് സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററുമായ റസൂൽ പൂക്കുട്ടി രംഗത്തെത്തിയത്. ശേഖർ കപൂറിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് "സമ്പ്രദായത്തെ താഴെയിറക്കൂ" എന്ന് പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു.