കേരളം

kerala

ETV Bharat / sitara

ദേശസ്നേഹത്തിന്‍റെ ചലചിത്രാവിഷ്ക്കാരങ്ങൾ; റിപ്പബ്ലിക്ക് ദിനാഘോഷ വേളയിൽ കണ്ടിരിക്കേണ്ട ചിത്രങ്ങൾ - റിപ്പബ്ലിക്ക് ദിനം ചിത്രങ്ങൾ

റിപ്പബ്ലിക്ക് ദിനാഘോഷ വേളയിൽ കണ്ടിരിക്കേണ്ട ചിത്രങ്ങളെ കുറിച്ചറിയാം

films to watch on republic day 73rd republic day of india bollywood films on freedom fight ദേശസ്നേഹം ചിത്രങ്ങൾ രാജ്യസ്നേഹം ഹിന്ദി ചിത്രങ്ങൾ ദേശീയത ചിത്രങ്ങളിൽ റിപ്പബ്ലിക്ക് ദിനം ചിത്രങ്ങൾ patriotic hindi films
ദേശസ്നേഹത്തിന്‍റെ ചലചിത്രാവിഷ്ക്കാരങ്ങൾ; റിപ്പബ്ലിക്ക് ദിനാഘോഷ വേളയിൽ കണ്ടിരിക്കേണ്ട ചിത്രങ്ങൾ

By

Published : Jan 25, 2022, 8:36 PM IST

ന്യൂഡൽഹി: രാജ്യം നാളെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ്മക്കായാണ് ജനുവരി 26ന് റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ആഘോഷങ്ങൾ.

ദേശസനേഹം വിളിച്ചോതുന്ന നിരവധി ചിത്രങ്ങൾ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ഷാരൂഖ് ഖാൻ നായകനായ സ്വദേശ്, ആമിർ ഖാന്‍റെ നിരൂപക പ്രശംസ നേടിയ രം​ഗ് ദേ ബസന്തി, കൊവിഡ് കാലത്ത് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ സ്വാതന്ത്യ സമര സേനാനി ഉദ്ദം സിങിന്റെ ജീവിതം ഇതിവൃത്തമാക്കിയ സർദാർ ഉദ്ദം എന്നിങ്ങനെ നീളും ആ പട്ടിക. റിപ്പബ്ലിക്ക് ദിനാഘോഷ വേളയിൽ കണ്ടിരിക്കേണ്ട ചിത്രങ്ങളെ കുറിച്ചറിയാം.

  • സ്വദേശ് (2004): അശ്തോഷ് ​ഗവാരിക്കർ സംവിധാനം ചെയ്‌ത് 2004ല്‍ തീയറ്ററുകളിലെത്തിയ ചിത്രമാണ് സ്വദേശ്. ഷാരൂഖ് ഖാന്‍റെ ഏക്കാലത്തേയും മികച്ച പ്രകടനങ്ങളിലൊന്നായാണ് സ്വദേശിലെ അഭിനയത്തെ വിലയിരുത്തുന്നത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ശാസ്ത്ര‍ജ്ഞനായ മോഹൻ ഭാ‍‍ർ​ഗവ് തന്‍റെ കരിയറും വിദേശത്തെ മറ്റ് സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് തിരികെയെത്തുന്നതും തന്‍റെ ​ഗ്രാമത്തെ അഭിവൃദ്ധിപ്പെടുത്താൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്‍റെ കഥാതന്തു. ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചെങ്കിലും ബോക്‌സ് ഓഫിസിൽ ചിത്രം പരാജയപ്പെടുകയായിരുന്നു.
    ഷാരൂഖ് ഖാൻ നായകവേഷത്തിലെത്തിയ ചിത്രം 2004 ലാണ് പുറത്തിറങ്ങിയത്
  • രം​ഗ് ദേ ബസന്തി (2006): ആമിർ ഖാൻ നായക വേഷത്തിലെത്തിയ ബോളിവുഡിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് 2006 ൽ പുറത്തിറങ്ങിയ രം​ഗ് ദേ ബസന്തി. രാകേഷ് ഓം പ്രകാശിന്‍റെ സംവിധാനത്തിൽ ആമിർ ഖാന് പുറമേ സിദ്ധാർഥ്, ശർമാൻ ജോഷി, അതുൽ കുൽക്കർണി, കുനാൽ കപൂർ, സോഹ അലി ഖാൻ, ആർ മാധവൻ, അനുപം ഖേർ, വഹീദ റഹ്മാൻ, ഓം പുരി തുടങ്ങി വമ്പൻ താര നിര അണിനിരന്ന ചിത്രം ബോക്‌സ് ഓഫിസിലും ഹിറ്റായിരുന്നു. ഒരു കൂട്ടം സുഹൃത്തുക്കൾ സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്‍ററിയില്‍ അഭിനയിക്കാനൊരുങ്ങുന്നതും അത് അവരുടെ തുടര്‍ന്നുള്ള ജീവതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം.
    രാകേഷ് ഓം പ്രകാശിന്‍റെ സംവിധാനത്തിൽ വമ്പൻ താര നിര അണിനിരന്ന ചിത്രമാണ് രം​ഗ് ദേ ബസന്തി
  • എയർലിഫ്റ്റ് (2018): അക്ഷയ് കുമാർ, നിമ്രത് കൗർ എന്നിവർ പ്രധാന വേഷത്തിലെത്തിയ, യഥാർ‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ബോക്‌സ് ഓഫിസ് വിജയത്തിന് പുറമേ നിരൂപ പ്രശംസയും നേടി. കുവൈത്തിലെ ഇറാഖ് അധിനിവേശ കാലഘട്ടമാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. യുദ്ധത്തിനിടെ കുവൈത്തിൽ അകപ്പെടുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ എയർലിഫ്റ്റ് ഇവാക്ക്വേഷൻ വഴി സുരക്ഷിതമായി തിരികെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്ന കുവൈത്തിലെ വ്യവസായിയായ രഞ്ജിത് കത്ത്യാലിനെയാണ് അക്ഷയ് കുമാർ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
    കുവൈത്തിലെ ഇറാഖ് അധിനിവേശം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് എയർലിഫ്റ്റ്
  • റാസി (2018): ഹരീന്ദർ സിങ് സിക്കയുടെ 'കോളിങ് സേമത്ത്' എന്ന നോവലിനെ അധികരിച്ച്, മേഘ്ന ​ഗുൽസാറിന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആലിയ ഭട്ടിന്‍റെ കരിയർ‍ ​ഗ്രാഫ് ഉയർത്തുന്നതിൽ നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ചാരപ്രവൃത്തി ചെയ്യാനായി വിക്കി കൗശൽ അവതരിപ്പിച്ച ഇക്ബാൽ സെയദ് എന്ന പാക് സൈനിക ഉദ്യോ​ഗസ്ഥനെ വിവാഹം ചെയ്‌ത് പാകിസ്ഥാനിലേക്ക് പോകുന്ന സേമത്ത് ഖാൻ എന്ന കശ്‌മീരി പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. ആക്ഷന്‍ സ്‌പൈ ഗണത്തില്‍പ്പെടുന്ന ചിത്രം നിർമിച്ചത് പ്രശസ്‌ത സംവിധായകൻ കൂടിയായ കരൺ ജോഹറാണ്.
    ആലിയ ഭട്ടിന്‍റെ മികച്ച പ്രകടനങ്ങളിലൊന്നാണ് റാസിയിലെ സേമത്ത് ഖാൻ
  • ഉറി: ദ സർജിക്കൽ സട്രൈക്ക് (2019): വിക്കി കൗശലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം, പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സട്രൈക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഏറെ ജനപ്രീതി നേടിയ ചിത്രം, 2019 ജനുവരി 11നാണ് പ്രദർശനത്തിനെത്തിയത്. ആദിത്യ ധർ സംവിധാനം ചെയ്‌ത ചിത്രത്തിൽ വിക്കി കൗശലിന് പുറമേ യാമി ​ഗൗതം, പരേഷ് റാവൽ എന്നിവരും മുഖ്യവേഷത്തിലെത്തുന്നു.
    വിക്കി കൗശലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ഉറി
  • സർദാർ ഉദ്ദം (2021): ജാലിയൻ വാലാബാ​ഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ബ്രിട്ടീഷ് ഉദ്യോ​ഗസ്ഥനെ വധിക്കാൻ രണ്ട് ദശകത്തിലധികം കാത്തിരുന്ന് ഒടുവിൽ ലണ്ടനിൽ വച്ച് തന്‍റെ പ്രതികാരം തീർക്കുന്ന സ്വാതന്ത്യ സമര സേനാനി ഉദ്ദം സിങിന്‍റെ ജീവിതമാണ് ഷൂജിത്ത് സിർകാർ അഭ്രപാളിയിലെത്തിച്ചത്. ബയോഗ്രാഫിക്കൽ ഹിസ്റ്റോറിക്കൽ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം നിരൂപക പ്രശംസയും സ്വന്തമാക്കി. വിക്കി കൗശൽ, സ്റ്റീവൻ ഹോ​ഗൻ, അമോൽ പരാശർ, ബനിത സന്ധു തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യ അഭിനേതാക്കൾ. സ്വദേശത്തും വിദേശത്തുമായി ചിത്രീകരിച്ച ചലചിത്രം മികച്ച ദൃശ്യാവിഷ്ക്കാരം കൂടിയാണ്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തിയത്.
    സ്വാതന്ത്യ സമര സേനാനി ഉദ്ദം സിങിന്‍റെ ജീവിതമാണ് സംവിധായകൻ അഭ്രപാളിയിലെത്തിച്ചത്

Also read: ദുല്‍ഖറിന്‍റെ 'തോഴി' 27ന്‌ എത്തും..

ABOUT THE AUTHOR

...view details