ബോളിവുഡ് നടന് ഫര്ഹാന് അക്തര്‍ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ സിനിമ തൂഫാന്റെ റിലീസ് നീട്ടി. മെയ് 21ന് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്താനിരിക്കെയാണ് പുതിയ തീരുമാനം നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. രാജ്യം കൊവിഡ് പോലൊരു മഹാമാരിയുമായി ഏറ്റുമുട്ടുമ്പോള്‍ അതില്‍ പങ്കുചേരുകയും കൊവിഡിനെ ചെറുക്കുകയുമാണ് വേണ്ടതെന്നും അതിനാല്‍ തൂഫാന് ഇപ്പോള്‍ റിലീസ് ചെയ്യുന്നില്ലെന്നും നിര്‍മാതാക്കള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
Also read: കൊവിഡ് ബാധിതര്‍ക്കായി ഓക്സിജന്‍ സിലിണ്ടറുകള്‍ സ്വരൂപിച്ച് രവീണ ടണ്ടന്
റിതേഷ് സിദ്ദ്വാനി, രക്യേഷ് ഓംപ്രകാശ് മെഹ്റ, ഫര്ഹാന് എന്നിവര്‍ ചേര്‍ന്നാണ് തൂഫാന് നിര്‍മിച്ചിരിക്കുന്നത്. സ്പോര്‍ട്സ് ഡ്രാമയായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് രക്യേഷാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ബാഗ് മില്‍ഖ ബാഗിന്റെ വിജയത്തിന് ശേഷമാണ് രക്യേഷ്-ഫര്ഹാന് കൂട്ടുകെട്ടില്‍ വീണ്ടും സിനിമ വരുന്നത്. ബോക്സറുടെ വേഷത്തിലാണ് തൂഫാനില്‍ ഫര്ഹാന് അക്തര്‍ എത്തുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമയായിരുന്നു തൂഫാന്. കൊവിഡ് മൂലം റിലീസ് നീളുകയും പിന്നീട് മെയ് 21 എന്ന തിയ്യതിയിലേക്ക് അണിയറപ്രവര്‍ത്തകര്‍ എത്തിച്ചേരുകയുമായിരുന്നു. മുംബൈയിലെ ചേരികള്‍, ഗേറ്റ് വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലായാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. 2019ല്‍ പുറത്തിറങ്ങിയ ദി സ്കൈ ഈസ് പിങ്കാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്ത ഫര്ഹാന് അക്തര്‍ സിനിമ.