ബോളിവുഡ് താരദമ്പതികളായ കരീന കപൂർ ഖാനും സെയ്‌ഫ് അലി ഖാനും തൈമൂറിന് ശേഷം ഒരു ആൺ കുഞ്ഞ് പിറന്നത് ഏതാനും മാസങ്ങൾക്ക് മുമ്പാണ്. വാർത്തകളിലിടം പിടിച്ച രണ്ടാമത്തെ കുഞ്ഞിന്‍റെ വിശേഷങ്ങൾ അറിയാൻ ആരാധകരും ആകാംക്ഷയിലാണ്. ഇപ്പോഴിതാ, കരീനയുടെ അച്ഛനും നടനുമായ രൺദീർ കപൂർ തന്‍റെ ഇളയ പേരക്കുട്ടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്.
കരീന- സെയ്‌ഫ് അലി ഖാൻ ദമ്പതികളുടെ രണ്ടാമത്തെ മകന് ജേ എന്ന് പേരിട്ടതായി രൺദീർ കപൂർ അറിയിച്ചു. അടുത്തിടെയാണ് താരജോഡികൾ തങ്ങളുടെ ഇളയപുത്രന് പേരിട്ടതെന്നും രൺദീർ ഒരു മാധ്യമത്തിനോട് വിശദമാക്കി.
തൈമൂറും ജേയും
'നീല ചിഹ്നമുള്ള പക്ഷി' എന്നാണ് ലാറ്റിൻ ഭാഷയിൽ ജേയുടെ അർഥം. ഇരുമ്പ് എന്നാണ് തൈമൂർ അർഥമാക്കുന്നത്. കരീന മൂത്ത മകന് തൈമൂറെന്ന പേര് തെരഞ്ഞെടുക്കാൻ കാരണം തന്‍റെ മകൻ ഒരു ശക്തനായ മനുഷ്യനാവണമെന്നതിനാലാണ്.
കഴിഞ്ഞ ഫെബ്രുവരി 21നാണ് കരീന കപൂർ രണ്ടാമത്തെ ഒരു കുഞ്ഞിന് ജന്മം നൽകിയത്. തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതായി 2020 ഓഗസ്റ്റിൽ താരദമ്പതികൾ ആരാധകരെ അറിയിച്ചിരുന്നു. 2016 ഡിസംബറിലായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്.
More Read: തൈമൂറിന് കൂട്ടായി കുഞ്ഞനിയന്‍ എത്തി, സന്തോഷം പങ്കുവെച്ച് താരകുടുംബം
ആദ്യ ഭാര്യ അമൃത സിംഗുമായുള്ള ബന്ധത്തിൽ സെയ്‌ഫ് അലി ഖാന് സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ബോളിവുഡിലെ പ്രമുഖ നടിയായിരുന്ന അമൃത സിംഗുമായി വിവാഹമോചനം നേടിയ ശേഷമാണ് സെയ്‌ഫ് അലി ഖാൻ കരീനയെ ജീവിതപങ്കാളിയാക്കുന്നത്.
അതേ സമയം, തന്‍റെ രണ്ട് ഗർഭകാലത്തെയും അനുഭവങ്ങൾ കരീന ഒരു പുസ്‌തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച ഇൻസ്റ്റഗ്രാമിലൂടെ 'പ്രെഗ്‌നൻസി ബൈബിൾ' എന്ന പേരിലുള്ള തന്‍റെ പുസ്‌തകം കരീന കപൂർ ആരാധകർക്കായി പരിചയപ്പെടുത്തുകയും ചെയ്‌തു.