Ranbir Kapoor Alia Bhatt to tie the knot : ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരാകുന്നു. ഇരുവരും 2022 ഏപ്രിലിൽ കല്യാണം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലിയ-രണ്‍ബീര്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായതായാണ് സൂചന. നാളേറെയായി ആലിയയുടെയും രൺബീറിന്‍റെയും വിവാഹ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട്. 2021 ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
രൺബീറും ആലിയയും തങ്ങളുടെ വിവാഹത്തിനായി ഒരുങ്ങുകയാണെന്നും കപൂർ, ഭട്ട് കുടുംബങ്ങളിൽ വിവാഹത്തിന്‍റെ പ്രാരംഭ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രൺബീർ-ആലിയ വിവാഹം രാജസ്ഥാനിലെ രൺതംബോറിൽ ആയിരിക്കുമെന്നും വിവരമുണ്ട്. ഇരുവർക്കും ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് രണ്‍തംബോര്‍. ഇരു താരങ്ങളും ഏറ്റവും കൂടുതൽ അവധിക്കാലം ചെലവഴിച്ചതും ഇവിടെയാണ്.
രൺബീറിന്‍റെ മുൻ കാമുകി കത്രീന കൈഫും തന്‍റെ വിവാഹ സ്ഥലമായി തിരഞ്ഞെടുത്തത് രാജസ്ഥാനിലെ രൺതംബോറാണ്. സവായ് മധോപൂരിലെ ഫോർട്ട് ബർവാരയിലെ സിക്‌സ് സെൻസസ് റിസോർട്ടിൽ വച്ചായിരുന്നു കത്രീനയും വിക്കി കൗശലും വിവാഹിതരായത്. അതേസമയം മുംബൈയില്‍ വച്ചാകും ആലിയയും രണ്‍ബീറും വിവാഹിതരാകുന്നതെന്നാണ് ആലിയയോടടുത്ത വൃത്തങ്ങള്‍ നേരത്തേ വെളിപ്പെടുത്തിയത്.