ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ആർആർആർ. രൗദ്രം രണം രുധിരം... രാംചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, അജയ് ദേവ്‌ഗൺ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു.
ബാഹുബലിയേക്കാൾ വമ്പൻ രാജമൗലി ചിത്രം
ബാഹുബലിയേക്കാൾ വലിയ കാൻവാസിലാണ് ആർആർആർ ഒരുക്കുന്നതെന്ന റിപ്പോർട്ടുകളെ ശരിവക്കുന്നതാണ് ചിത്രത്തിന്‍റെ പിന്നാമ്പുറക്കാഴ്‌ചകൾ വ്യക്തമാക്കുന്നത്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ഒരുക്കിയ ചിത്രത്തിന്‍റെ പടുകൂറ്റൻ സെറ്റുകളും, രാംചരൺ ഉൾപ്പെടെയുള്ള താരങ്ങളുടെ ആക്ഷൻ- ഫൈറ്റ് രംഗങ്ങളുമെല്ലാം മേക്കിങ് വീഡിയോയിൽ കാണാം. 450 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
More Read: രാമരാജുവും ഭീമും... 'ആർആർആർ' അതിവേഗം മുന്നോട്ട്
കെ.കെ സെന്തിൽ കുമാർ ഫ്രെയിമുകൾ ഒരുക്കിയ ചിത്രത്തിന്‍റെ എഡിറ്റർ ശ്രീകാർ പ്രസാദാണ്. വി. വിജയേന്ദ്രപ്രസാദാണ് രചന നിർവഹിച്ചിരിക്കുന്നത്. രാജമൗലി ആർആർആറിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നു.
കൊമരു ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറും അല്ലൂരി സീതരാമ രാജുവായി രാം ചരണുമെത്തുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ബോളിവുഡ് നടി ആലിയ ഭട്ട് സീത എന്ന കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും സിനിമ പുറത്തിറക്കും. ഒക്‌ടോബർ 13നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസിന് മുമ്പ് തന്നെ ആർആർആർ 325 കോടി രൂപയുടെ ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശം നേടിയതായാണ് റിപ്പോർട്ടുകൾ.