പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധമിരമ്പുകയാണ്. കലാ-സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഇതിനോടകം തന്നെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍, ഹലാല്‍ ലവ് സ്റ്റോറി അണിയറക്കാര്‍, സംവിധായകന്‍ അനുരാഗ് കശ്യപ് തുടങ്ങിയവര്‍.
ചിത്രീകരണം കഴിഞ്ഞ ഹലാൽ ലൗ സ്റ്റോറിയെന്ന സിനിമയുടെ പിന്നണി പ്രവർത്തകർ പോരാട്ട ഗാനമാലപിച്ചാണ് ഐക്യദാർഢ്യം അറിയിച്ചത്. മലപ്പുറം വാഴക്കാടായിരുന്നു പ്രതിഷേധം. സിനിമയുടെ സംവിധായകൻ സക്കറിയ മുഹമ്മദിന്റെ നേതൃത്വത്തിൽ മുഹ്സിൻ പരാരി, ആഷിക് അബു, ഷഹബാസ് അമൻ, ഗ്രേസ് ആന്‍റണി തുടങ്ങിയവർ പ്ലക്കാര്‍ഡുകളുമേന്തിയാണ് പൗരത്വ ഭേദഗതി നിയമത്തോട് പ്രതിഷേധം അറിയിച്ചത്. സിനിമയുടെ ചിത്രീകരണം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചാണ് പ്രതിഷേധ ഗാനസദസ് ഒരുക്കിയത്.