മുംബൈ:ഹിന്ദുമത വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന ആരോപണത്തിന് പിന്നാലെ പ്രതിക് ഗാന്ധി നായകനാവുന്ന ചിത്രത്തിന്റെ പേര് മാറ്റി. രാവൺ ലീല എന്ന ചിത്രത്തിന്റെ ടൈറ്റിൽ മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യമുയർത്തിയതോടെ സിനിമയുടെ ടൈറ്റിൽ മാറ്റുകയാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 'രാവൺ ലീല' എന്ന പേര് മാറ്റി 'ഭാവയി' എന്നാക്കിയതായും അവർ വ്യക്തമാക്കി.
സിനിമക്കെതിരെ ശക്തമായ സൈബർ ആക്രമണമുണ്ടായിരുന്നു. കൂടാതെ, രാമനെ അധിക്ഷേപിച്ചെന്നും, രാവണനെ മഹത്വവൽക്കരിച്ച് അപകീർത്തികരമായതും ആക്ഷേപകരമായതുമായ വിവരണം നൽകിയെന്നുമാണ് ചിത്രത്തിനെതിരെ ഉയർന്ന പരാതി. ഇതോടെ, സിനിമയുടെ ടൈറ്റിൽ മാറ്റണമെന്നും ഏതാനും രംഗങ്ങൾ നീക്കണമെന്നും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് സിനിമയുടെ ടൈറ്റിൽ മാറ്റി ഭാവയി എന്നാക്കിയത്.