പ്രമുഖ തബല വാദകൻ പണ്ഡിറ്റ് ശുഭാങ്കർ ബാനർജി(54)യുടെ വേർപാടിന്‍റെ വേദനയിലാണ് സംഗീതലോകം. പ്രശസ്‌ത സംഗീതജ്ഞൻ സക്കിർ ഹുസൈൻ, ഉസ്‌താദ് അംജത് അലിഖാന്‍, ഉസ്‌താദ് റാഷിദ് ഖാന്‍, പണ്ഡിറ്റ് ഹരിപ്രദാസ് ചൗരസ്യ അടക്കമുള്ള കലാപ്രതിഭകൾ അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
പണ്ഡിറ്റ് ശുഭാങ്കർ ബാനർജിയുടെ നഷ്‌ടം നികത്താനാവാത്തതാണെന്നും താനും തബലയുടെ ലോകവും അദ്ദേഹത്തെ വളരെയധികം മിസ് ചെയ്യുമെന്നുമാണ് ഉസ്‌താദ് സക്കിർ ഹുസൈൻ അനുശോചിച്ചത്.
കൊവിഡ് ബാധിച്ച് ജൂലൈ രണ്ടിനാണ് അദ്ദേഹത്തെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിന്‍റെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമായിരുന്നു. തുടർന്ന് ബുധനാഴ്‌ച വൈകിട്ട് അദ്ദേഹം അന്തരിച്ചു.
സംഗീത പ്രതിഭകൾക്കൊപ്പമുള്ള സംഗീത സപര്യ
പണ്ഡിറ്റ് രവി ശങ്കര്‍, ഉസ്‌താദ് ബിസ്‌മില്ല ഖാൻ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ശിവ്കുമാര്‍ വര്‍മ തുടങ്ങിയ സംഗീതപ്രതിഭകള്‍ക്കൊപ്പം ജുഗല്‍ബന്തി ചെയ്‌തിട്ടുണ്ട്.
കൂടാതെ, ബംഗാള്‍ സര്‍ക്കാറിന്‍റെ സംഗീത് സമ്മാന്‍, സംഗീത് മഹാ സമ്മാന്‍ തുടങ്ങിയ ബഹുമതികളിലൂടെയും അദ്ദേഹം ആദരിക്കപ്പെട്ടിട്ടുണ്ട്.
Also Read: നീരജ് ചോപ്രയ്‌ക്കൊപ്പം രൺദീപ് ഹൂഡ ; സുവർണനേട്ടത്തിന് ശേഷം സൈന്യത്തിലേക്ക് മടങ്ങി ഒളിമ്പ്യൻ
പ്രശസ്‌ത സംഗീത സംവിധായിക കാജല്‍രേഖ ബാനര്‍ജിയുടെ മകനാണ് ശുഭാങ്കര്‍ ബാനര്‍ജി. വളരെ ചെറുപ്പത്തിലേ അമ്മയുടെ മേൽനോട്ടത്തിൽ ശാസ്‌ത്രീയ സംഗീതത്തിലേക്ക് ചുവടുവച്ച ശുഭാങ്കർ ബാനർജി, തന്‍റെ മൂന്നാം വയസിൽ പണ്ഡിറ്റ് മണിക് ദാസിന്‍റെ കീഴിൽ സംഗീതം അഭ്യസിച്ചു.
ശേഷം 25 വയസ് വരെ പണ്ഡിറ്റ് സ്വപ്‌ന ശിവയുടെ ശിഷ്യനായിരുന്നു. പ്രശസ്‌ത സംഗീതജ്ഞൻ ആര്‍ച്ചിക്, ആഹരി എന്നിവര്‍ മക്കളാണ്. നിവേദിതയാണ് ശുഭാങ്കര്‍ ബാജര്‍ജിയുടെ ഭാര്യ.