മുംബൈ: ഇന്ത്യയിൽ കുട്ടികൾക്ക് എതിരെ അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. കുട്ടികൾ ദുർബലരും നിരപരാധികളുമാണ്. അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പരമപ്രധാനമാണെന്നും അവർ പറഞ്ഞു. "നിരവധി ഭയാനകമായ കഥകൾ കേട്ടിട്ടുണ്ട്, മനുഷ്യരാശിയുടെ ഏറ്റവും മോശമായ അവസ്ഥകൾ സഹിക്കുന്ന ധാരാളം കുട്ടികൾ ഉണ്ട്. ഇത് അംഗീകരിക്കാനാവില്ല." ഇത്തരം ദുരുപയോഗം തടയാൻ സാധിക്കുമെന്നും അതിനായി 1098 (ഇന്ത്യ)ലേക്ക് ബന്ധപ്പെടാനും പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന് എതിരെ ശബ്‌ദമുയർത്തി നടി പ്രിയങ്ക ചോപ്ര - bollywood
കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും സ്‌മൃതി ഇറാനിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് പ്രിയങ്ക അറിയിച്ചു
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ക്രൂരകൃത്യങ്ങളിൽ മൗനം പാലിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ സ്‌മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. ഇത്തരം ക്രൂരതകളിൽ നിന്ന് അവരെ രക്ഷപ്പെടുത്താനും പുനരധിവസിപ്പിക്കാനും സംവിധാനങ്ങൾ ഉണ്ടെന്നത് കുട്ടികളെ അറിയിക്കണമെന്നും സ്‌മൃതി ഇറാനി ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്ക ചോപ്ര പ്രതികരിച്ചത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങൾക്കുമുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യൂനിസെഫുമായി കഴിഞ്ഞ ഒന്നര ദശകത്തിലേറെയായി പ്രിയങ്ക ചോപ്ര സജീവമാണ്. 2016ൽ ഗ്ലോബൽ യൂനിസെഫ് ഗുഡ്‌വിൽ അംബാസഡറായും താരത്തെ നിയമിച്ചിരുന്നു.