സുശാന്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ മനം നൊന്ത് ബോളിവുഡ് താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. സഹതാരത്തിന്‍റെ നഷ്‌ടത്തിൽ നടി കൃതി സനോൺ, ശ്രദ്ധാ കപൂർ എന്നിവർ പോസ്റ്റുകൾ പങ്കുവെച്ചില്ല എന്ന തരത്തിൽ വിമർശനങ്ങളും ഉയർന്നു. എന്നാൽ, സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ സംസ്കാര ചടങ്ങുകളിൽ ഇരുവരും പങ്കെടുത്തതോടെ സമൂഹമാധ്യമങ്ങളിൽ താരങ്ങൾക്കായി അഭിനന്ദനവും നിറഞ്ഞു.
എന്‍റെ ഹൃദയത്തിന്‍റെ പാതിയും നിനക്കൊപ്പം പോയി: സുശാന്തിന്‍റെ നഷ്‌ടത്തിൽ കൃതി പങ്കുവെച്ച കുറിപ്പ് - instagram post of Kriti sanon
അടുത്ത സുഹൃത്തും റാബ്‌തയിലെ തന്‍റെ സഹതാരവുമായ സുശാന്തിന്‍റെ വേർപാടിലെ ദുഃഖം കൃതി സനോൺ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
റാബ്‌തയിലെ തന്‍റെ സഹതാരവും അടുത്ത സുഹൃത്തുമായ സുശാന്തിന്‍റെ വേർപാടിലെ ദുഃഖം കൃതി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. കൃതിയുടെ ഹൃദയഭേദകമായ കുറിപ്പ് ഇതിനകം തന്നെ ആരാധകരും സ്വീകരിച്ചു. "സുശ്, എനിക്കറിയാം സമര്‍ത്ഥമായ നിന്‍റെ മനസാണ് നിന്‍റെ ഏറ്റവും അടുത്ത മിത്രവും ശത്രുവും. ജീവിച്ചിരിക്കുന്നതിനെക്കാൾ നല്ലത് മരണമാണെന്ന് ആ മനസ്സിന്‍റെ ഒരു നിമിഷത്തെ തോന്നലായിരുന്നു. പക്ഷേ, ആ തീരുമാനം എന്‍റെ ഹൃദയം തകർക്കുന്നു. നിനക്ക് ചുറ്റും ആ നിമിഷം ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്നെ സ്നേഹിച്ചിരുന്നവരെ കുറിച്ച് ആ നിമിഷത്തിൽ നീ ഓർത്തിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിന്‍റെ തകർന്ന ഹൃദയത്തെ ശരിയാക്കാൻ ആ നിമിഷത്തിലെങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പക്ഷേ കഴിഞ്ഞില്ല... അങ്ങനെ കുറെയേറെ കാര്യങ്ങൾ... എന്‍റെ ഹൃദയത്തിന്‍റെ ഒരു ഭാഗമായിരുന്നു നീ. അതാണ് ഇപ്പോൾ നിനക്കൊപ്പം പോയത്. ഒരു ഭാഗത്ത് നീ എപ്പോഴും ജീവിച്ചിരിക്കുന്നു. നിന്‍റെ സന്തോഷത്തിനായുള്ള പ്രാർഥനകൾ ഞാൻ ഒരിക്കലും അവസാനിപ്പിക്കില്ല," കൃതി കുറിച്ച വൈകാരികമായ വാക്കുകൾ സുശാന്തിന്‍റെ നഷ്‌ടം ആഴത്തിൽ രേഖപ്പെടുത്തുന്നു.