മുംബൈ: മുൻ ഇന്ത്യൻ പ്രസിഡന്‍റായ എ.പി.ജെ അബ്‌ദുൾ കലാമിന്‍റെ ജീവിതം ഇനി സിനിമയിലേക്കും. ബോളിവുഡ് നടൻ പരേഷ് റാവലാണ് അഭിഷേക് അഗർവാളും അനിൽ സുങ്കരയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ കലാമിന്‍റെ വേഷത്തിലെത്തുന്നത്.
"എന്‍റെ അഭിപ്രായത്തിൽ അദ്ദേഹം സെയിന്‍റ് കലാം ആയിരുന്നു! അദ്ദേഹത്തിന്‍റെ ജീവചരിത്രത്തിൽ കലാം സാബിനെ അവതരിപ്പിക്കുന്നത് ഞാനാണ്. ഞാൻ വളരെ ഭാഗ്യവാനാണ്," അബ്‌ദുൾ കലാമിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിന്‍റെ സന്തോഷം പരേഷ് ട്വീറ്റിലൂടെ പങ്കുവച്ചു.
"ഇത് ഒരു അന്താരാഷ്‌ട്ര വർക്കാണ്. 'വെപൺസ് ഓഫ് പീസ്' എന്ന പുസ്‌തകത്തിന്‍റെ എഴുത്തുകാരൻ രാജ് ചെങ്കപ്പ ചിത്രത്തിന്‍റെ തിരക്കഥയെഴുതാനായി ലഭിച്ചു. തിരക്കഥയിൽ കുറച്ച് നാടകീയ മുഹൂർത്തങ്ങൾ കൂടി ഇട കലർത്തി കലാമിന്‍റെ ജീവിതവും പൊഖ്‌റാൻ ന്യൂക്ലിയർ ടെസ്റ്റിലെ സിഐഎയെ അദ്ദേഹം എങ്ങനെ മറികടന്നുവെന്നും വിവരിക്കും," ചിത്രത്തിന്‍റെ നിർമാതാവ് അഭിഷേക് അഗർവാൾ പറഞ്ഞു.
ഹിന്ദിയിലും ഇംഗ്ലീഷിലുമായി പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്ന കലാമിന്‍റെ ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേ സമയം, പരേഷിന്‍റെ തിയേറ്ററിലെത്തുന്ന പുതിയ ചിത്രം ശിൽപാ ഷെട്ടിയോടൊപ്പമുള്ള ഹങ്കാമാ-2 വാണ്.