നടി ഷക്കീലയുടെ ബയോപിക്കായ പാന്‍ ഇന്ത്യ ചിത്രം ഷക്കീല ഡിസംബര്‍ 25ന് റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നടി റിച്ച ഛദ്ദയാണ് സിനിമയില്‍ ഷക്കീലയായി വേഷമിട്ടിരിക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ സംവിധായകന്‍. കഴിഞ്ഞ ദിവസം റിലീസിന്‍റെ മുന്നോടിയായി നടന്ന പ്രമോഷന്‍ ചടങ്ങില്‍ നടി ഷക്കീല പങ്കെടുത്തിരുന്നു. താന്‍ ജീവിച്ചിരിക്കെ തന്നെ തന്‍റെ ജീവിതം സിനിമയാകുന്നതില്‍ ഏറെ സന്തോഷിക്കുന്നുവെന്നാണ് ഷക്കീല സദസിനെ അഭിസംബോധന ചെയ്‌ത് പറഞ്ഞത്.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജീവിതം സിനിമയാകുന്നതില്‍ സന്തോഷമെന്ന് ഷക്കീല - ഇന്ദ്രജിത്ത് ലങ്കേഷ്
കഴിഞ്ഞ ദിവസം റിലീസിന്‍റെ മുന്നോടിയായി നടന്ന പ്രമോഷന്‍ ചടങ്ങില്‍ നടി ഷക്കീല പങ്കെടുത്തിരുന്നു. ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ സംവിധായകന്‍
'ഞാന്‍ ഒരിക്കലും എന്‍റെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കാറില്ല. എന്‍റെ ജീവിതം സിനിമയാകുന്നതില്‍ സന്തോഷിക്കുന്നു. സിനിമയെ കുറിച്ചോ എന്നെ കുറിച്ചോ മോശമായി ഒന്നും മാധ്യമങ്ങളില്‍ കണ്ടില്ല. അതില്‍ ഞാന്‍ മാധ്യമങ്ങളോട് നന്ദി പറയുന്നു. ഞാന്‍ ആരോടും ബഹുമാനം ചോദിച്ച് നടക്കാറില്ല, അത് ലഭിക്കാത്തതില്‍ എനിക്ക് വിഷമവും തോന്നിയിട്ടില്ല. സിനിമാ മേഖലയിലേക്ക് കടന്ന് വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളോട് എനിക്ക് ഒന്ന് മാത്രമെ പറയാനുള്ളൂ... എനിക്ക് സംഭവിച്ചത് പോലെ ഒരു ചതി നിങ്ങളുടെ ആരുടെയും ജീവിതത്തില്‍ ഉണ്ടാകരുത്. അത് തന്നെയാണ് ഞാന്‍ എന്‍റെ പുസ്തകത്തിലൂടെയും പുതു തലമുറയോട് പറഞ്ഞത്. ഷക്കീല സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ഞാന്‍ അഭിനന്ദിക്കുന്നു. ഞാന്‍ ആ സിനിമ കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടു. ആ സിനിമയിലൂടെ നല്‍കുന്ന സന്ദേശം എന്നെ കൂടുതല്‍ സന്തോഷവതിയാക്കുന്നു...' ഇതായിരുന്നു ഷക്കീല പറഞ്ഞത്.
പങ്കജ് ത്രിപാതിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്‍തര്‍ നൊറോണ, ഷീവ റാണ, മലയാളി നടൻ രാജീവ് പിള്ള എന്നിവരും ഷക്കീലയില്‍ അഭിനയിച്ചിട്ടുണ്ട്. സാമീസ് മാജിക് സിനിമ മോഷന്‍ പിക്‌ചര്‍ പ്രൊഡക്ഷന്‍റെ ബാനറില്‍ സാമി നന്‍വാനി, സാഹില്‍ നന്‍വാനി എന്നിവർ ചിത്രം നിർമിച്ചിരിക്കുന്നു. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളിലൂടെ ശ്രദ്ധേയയായ ഷക്കീലയുടെ തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. താരത്തിന്‍റെ സിനിമാ ജീവിതത്തിനുമപ്പുറം വ്യക്തി ജീവിതവും സിനിമയുടെ പ്രമേയമാകുന്നുണ്ട്.