ന്യൂഡല്‍ഹി: എഴുത്തുകാരനും സംവിധായകനുമായ കെയ്ത്ത് ഗോംസിന്‍റെ ഹ്രസ്വചിത്രം ഷെയിംലെസിന് ഓസ്‌കര്‍ എന്‍ട്രി. 93 ആം ഓസ്‌കറിലെ ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലേക്കാണ് ഷെയിംലെസ് എന്ന ഹ്രസ്വചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഷെയിംലസ് റിലീസ് ചെയ്‌തത്. സാങ്കേതിക വിദ്യ മുന്നേറുമ്പോള്‍ നഷ്ടമാകുന്ന മനുഷ്യബന്ധങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഓസ്‌കര്‍ ഔദ്യോഗിക എന്‍ട്രി ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും കെയ്‌ത് ഗോംസ് നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഓസ്‌കര്‍ എന്‍ട്രി നേടി കെയ്‌ത് ഗോംസിന്‍റെ ഷെയിംലെസ് - Keith Gomes Shameless
93 ആം ഓസ്‌കറിലെ ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലേക്കാണ് ഷെയിംലെസ് എന്ന ഹ്രസ്വചിത്രം തെരഞ്ഞെടുക്കപ്പെട്ടത്
15 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ഷെയിംലസ് ഹ്രസ്വചിത്രം. അവസാന പട്ടികയില്‍ എത്തിയ അഞ്ച് ചിത്രങ്ങളില്‍ നിന്നാണ് ഷെയിംലെസ് തെരഞ്ഞെടുക്കപ്പെട്ടത്. സയാനി ഗുപ്ത, ഹുസൈന്‍ ദലാല്‍, റിഷഭ് കപൂര്‍ എന്നിവരാണ് ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് സന്ദീപ് കമല്‍, ആഷ്‌ലി ഗോംസ് എന്നിവര്‍ ചേര്‍ന്നാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ ചെയ്‌തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.
നേരത്തെ മലയാള ചലച്ചിത്രം ജല്ലിക്കെട്ടും ഓസ്‌കര്‍ എന്‍ട്രി നേടിയിരുന്നു. മികച്ച വിദേശ ഭാഷാ ചിത്ര വിഭാഗത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയാണ് ലിജോ ജോസ് പെല്ലിശേരി ചിത്രം ജല്ലിക്കെട്ട്. 2011 ന് ശേഷം ആദ്യമായി ഓസ്‌കര്‍ എന്‍ട്രി നേടുന്ന മലയാള സിനിമയാണ് ജല്ലിക്കെട്ട്.