മുംബൈ: ബോളിവുഡിൽ നിലനിൽക്കുന്ന അഴിമതികളെക്കുറിച്ച് ഒരു സിനിമ തന്നെ നിർമിക്കാമെന്ന് നടൻ അഭയ് ഡിയോൾ. രാഷ്ട്രീയത്തിലെ അഴിമതി വിഷയത്തെ ചുറ്റിപ്പറ്റിയുള്ള 2012ൽ പുറത്തിറങ്ങിയ 'ഷാങ്ഹായ്' എന്ന ചിത്രത്തിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ബോളിവുഡിലെ പ്രശ്‌നങ്ങളെ കുറിച്ച് താരം പരാമർശം നടത്തിയത്.
"ഷാങ്ഹായ്, 2012ൽ പുറത്തിറങ്ങി. എഴുത്തുകാരൻ വാസിലിസ് വാസിലിക്കോസ് എഴുതിയ ഗ്രീക്ക് നോവൽ 'സെഡി'ന്‍റെ ഇന്ത്യൻ പതിപ്പ്. ദിബാകർ ബാനർജി സംവിധാനം ചെയ്ത ഈ ചിത്രം രാഷ്ട്രീയത്തിലെ അഴിമതിയെ തുറന്നുകാട്ടി. ചിത്രം ഇന്ന് വളരെ പ്രസക്തമാകുന്നു. ഇന്നത്തെ കാലത്ത്, ബോളിവുഡിലെ അഴിമതികളെക്കുറിച്ചും ഒരു സിനിമ നിർമിക്കാൻ കഴിയുമെന്ന് തോന്നുന്നു” അഭയ് ഡിയോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹിന്ദി ചലച്ചിത്രമേഖലയിലെ കുത്തകകളെ കുറിച്ച് തുറന്നു പറഞ്ഞ പ്രമുഖ വ്യക്തികളെയും അദ്ദേഹം പ്രശംസിച്ചു.