മുംബൈ: ബോളിവുഡ് നടി ശിൽപാ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്‌ക്കുമെതിരെ വീണ്ടും അഴിമതി ആരോപണം. സത്‌യുഗ് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് (എസ്‌ജിപിഎൽ) എന്ന സ്വർണ വ്യാപാര കമ്പനിയുടെ മുൻ ഡയറക്ടർമാരായിരുന്ന ശിൽപാ ഷെട്ടി, രാജ് കുന്ദ്ര, കൂടാതെ ഇതിലെ ഉദ്യോഗസ്ഥരായ ഗണപതി ചൗധരി, മുഹമ്മദ് സെയ്‌ഫി എന്നിവർക്കെതിരെ ഒരു പ്രവാസിക്കാരനാണ് പരാതി നൽകിയിരിക്കുന്നത്. നിലവിൽ മുംബൈയിൽ താമസമാക്കിയ വ്യവസായി സച്ചിൻ ജെ. ജോഷി ഇവർക്കെതിരെ ഖാർ പൊലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചു. 2014ൽ ആരംഭിച്ച എസ്‌ജിപിഎല്ലിന്‍റെ സത്‌യുഗ് ഗോൾഡ് പദ്ധതിയിലൂടെ കബളിപ്പിച്ചുവെന്നാണ് കേസ്.
ശിൽപാ ഷെട്ടിക്കും രാജ് കുന്ദ്രയ്‌ക്കുമെതിരെ വീണ്ടും അഴിമതി ആരോപണം - gold scam shilpa shetty
2014ൽ ആരംഭിച്ച എസ്‌ജിപിഎല്ലിന്‍റെ സത്‌യുഗ് ഗോൾഡ് പദ്ധതിയിലൂടെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് മുംബൈയിലെ ഒരു പ്രവാസി വ്യവസായിയാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
അഞ്ചുവർഷത്തെ സ്വർണ പദ്ധതി പ്രകാരം ഉപഭോക്താവിന് ഡിസ്‌കൗണ്ട് നിരക്കിൽ സത്‌യുഗ് ഗോൾഡ് കാർഡ് നൽകുന്നു. അഞ്ചുവർഷം പൂർത്തിയാകുമ്പോൾ ഒരു നിശ്ചിത അളവിൽ സ്വർണം തിരിച്ചുകിട്ടുമെന്നായിരുന്നു പദ്ധതി എന്ന് പരാതിക്കാരൻ വ്യക്തമാക്കി. അതേ സമയം, തവണ തവണകളായി ആകർഷക നിരക്കിലുള്ള ഡിസ്‌കൗണ്ടോടു കൂടി സ്വർണം നൽകുമെന്നാണ് വ്യവസ്ഥയെന്ന് രാജ് കുന്ദ്ര പറയുന്നത്. 2014 മാർച്ചിൽ 1കിലോഗ്രാം സ്വർണമാണ് ജോഷി വാങ്ങിയത്. അന്നത്തെ ഇതിന്‍റെ വില ഏകദേശം 18.58 ലക്ഷം രൂപയ്‌ക്ക് അടുത്തുവരും. കഴിഞ്ഞ വർഷം മാർച്ച് 25ന് പദ്ധതി പ്രകാരം അഞ്ച് വർഷം പൂർത്തിയാകുകയും ചെയ്‌തു. എന്നാൽ, വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് എസ്‌ജിപിഎല്ലിന്‍റെ ഓഫീസ് പൂട്ടിയതായും ഇതിന്‍റെ വെബ്സൈറ്റിൽ ഓഫീസിന് പുതിയ മേൽവിലാസം നൽകിയിരിക്കുന്നതായും കണ്ടെത്തിയത്. പുതിയ മേൽവിലാസത്തിലുള്ള ഓഫീസ് എസ്‌ജിപിഎല്ലിന്‍റെ അല്ല എന്നും ജോഷി പിന്നീട് കണ്ടെത്തി.
ഇതിനു പുറമെ, 2016 മെയ് മാസം ശിൽപാ ഷെട്ടിയും തൊട്ടടുത്ത വർഷം നവംബറിൽ കുന്ദ്രയും കമ്പനിയുടെ ഡയറക്‌ടർ സ്ഥാനത്ത് നിന്നും രാജി വച്ചതായി സൂചനകളുണ്ട്. ജോഷിയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, കേസുമായി ബന്ധപ്പെട്ടുള്ള മറ്റ് വിവരങ്ങൾ തുറന്നുപറയാൻ പൊലീസ് തയ്യാറായിട്ടില്ല.