നിയമപോരാട്ടത്തിനൊടുവില്‍ ബാഡ് ബോയ് ബില്യണേഴ്‌സ് ഇന്ത്യ നെറ്റ്ഫ്ലിക്‌സില്‍
വിജയ് മല്യ, മെഹുല്‍ ചോക്‌സി, നീരവ് മോദി, രാമലിങ്ക രാജു, സുബ്രതാ റോയ് എന്നിവരെ കുറിച്ചെല്ലാം ബാഡ് ബോയ് ബില്യണേഴ്‌സില്‍ പറയുന്നുണ്ട്
നിരവധി അഴിമതികളിലും തട്ടിപ്പുകളിലും പ്രതികളായ ഇന്ത്യയിലെ കുപ്രസിദ്ധ വ്യവസായികളുടെ കഥ പറയുന്ന ബാഡ് ബോയ് ബില്യണേഴ്‌സിന് ഒടുവില്‍ പ്രദര്‍ശനാനുമതി. വിവാദ ഡോക്യുമെന്‍ററി ഇന്ത്യ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങി. വിജയ് മല്യ, മെഹുല്‍ ചോക്‌സി, നീരവ് മോദി, രാമലിങ്ക രാജു, സുബ്രതാ റോയ് എന്നിവരെ കുറിച്ചെല്ലാം ഈ ഡോക്യുമെന്‍ററി സീരിസില്‍ പറയുന്നുണ്ട്. ബാഡ് ബോയ് ബില്യണേഴ്‌സ് ഇന്ത്യയുടെ മൂന്ന് എപ്പിസോഡുകളാണ് നെറ്റ്ഫ്ളിക്‌സില്‍ ലഭ്യമായിരിക്കുന്നത്. സീരിസിലെ നാലാം എപ്പിസോഡ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് മുന്‍ ചെയര്‍മാനും സിഇഒയുമായ ബി.രാമലിംഗ രാജുവിനെ കുറിച്ചുള്ളതായിരുന്നു എന്നാല്‍ ഇത് പുറത്തിറങ്ങിയിട്ടില്ല. നെറ്റ്ഫ്ളിക്‌സിനെതിരെ ഹൈദരാബാദ് സിവില്‍ കോടതിയില്‍ രാമലിംഗരാജു സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കോടതി നാലാം എപ്പിസോഡിന്‍റെ റിലീസ് തടഞ്ഞത്. നേരത്തെ സുബ്രതാ റോയിയുടെ പേര് ഉപയോഗിച്ച് ഡോക്യുമെന്‍ററി സീരിസ് പുറത്തിറക്കുന്നതില്‍ നിന്ന് പട്‌നയിലെ ഒരു സിവില്‍ കോടതി നേരത്തെ നെറ്റ്ഫ്ളിക്‌സിനെ വിലക്കിയിരുന്നു. വജ്രവ്യാപാരിയും നീരവ് മോദിയുടെ അമ്മാവനുമായ മെഹുല്‍ ചോക്‌സിയും സീരിസ് തടയാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
TAGGED:
ബാഡ് ബോയ് ബില്യണേഴ്‌സ്