മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരി മരുന്ന് കേസില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചു. സുശാന്ത് സിങിന്‍റെ പെണ്‍സുഹൃത്ത് റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി എന്നിവരുള്‍പ്പടെയുള്ള മുപ്പത്തിയഞ്ച് പേരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. സുശാന്തിന്‍റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡ, സഹായി ദീപേഷ് സാവന്ത് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്. എന്‍സിബിയുടെ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍സിബി
സുശാന്ത് സിങിന്‍റെ പെണ്‍സുഹൃത്ത് റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷോവിക് ചക്രബര്‍ത്തി എന്നിവരുള്‍പ്പടെയുള്ള മുപ്പത്തിയഞ്ച് പേരുടെ പേരുകളാണ് കുറ്റപത്രത്തില്‍ ഉള്ളത്. സുശാന്തിന്‍റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡ, സഹായി ദീപേഷ് സാവന്ത് എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്
ലഹരിമരുന്ന് കേസില്‍ ആരോപണ വിധേയനായ അനുജ് കേശ്വാനി, നടന്‍ അര്‍ജുന്‍ രാംപാലിന്‍റെ കാമുകിയുടെ സഹോദരനായ അഗിസിലോസ് ദിമിത്രിയാദ്‌സ് എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട മറ്റുചിലര്‍. ലഹരിമരുന്ന് കേസില്‍ നേരത്തേ അറസ്റ്റിലായ ധര്‍മ പ്രൊഡക്ഷന്‍സ് മുന്‍ എക്‌സിക്യൂട്ടീവ് ക്ഷിതിജ് രവി പ്രസാദിന്‍റെ പേരും കുറ്റപത്രത്തിലുണ്ട്. സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ടതും ജയിലില്‍ കഴിയേണ്ടി വന്നതും പെണ്‍ സുഹൃത്ത് റിയ ചക്രബര്‍ത്തിക്കായിരുന്നു. ലഹരിമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞ റിയയ്ക്ക് ഒക്ടോബര്‍ ഏഴിനാണ് ജാമ്യം ലഭിച്ചത്. കേസില്‍ അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷോവിക്കിന് മൂന്ന് മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിവരേയും എന്‍സിബി ചോദ്യം ചെയ്‌തിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിനെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.