ദേശീയ പുരസ്കാര ജേതാവും സംവിധായികയുമായ സുമിത്ര ഭാവെ അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് രാവിലെ പൂനെയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് മാസമായി ഭാവെയ്‌ക്ക് ശ്വാസകോശ സംബന്ധമായ രോഗമുണ്ടായിരുന്നു.
സംവിധാനത്തിന് പുറമെ എഴുത്തുകാരിയായും പ്രശസ്തയാണ്. മറാത്തി ചലച്ചിത്രമേഖലക്കും നാടകരംഗത്തും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. വാസ്തുപുരുഷ്, കാസവ്, അസ്തു, ദേവ്രായ്, സംഹിത തുടങ്ങിയ ചിത്രങ്ങളിലൂടെ ദേശീയ പുരസ്കാരത്തിന് അർഹയായി. എഴ് ദേശീയ അവാർഡുകളാണ് സംവിധായിക കരസ്ഥമാക്കിയിട്ടുള്ളത്.
സുനിൽ സുക്തങ്കർ എന്ന സംവിധായനൊക്കൊപ്പം ചേർന്ന് മറാത്തി ചലച്ചിത്രമേഖലയുടെ ലാൻഡ്സ്‌കേപ്പ് മാറ്റിയ പ്രതിഭയാണ് സുമിത്ര ഭാവെ. കലാരംഗത്ത് മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങളിലും അവർ സജീവസാന്നിധ്യമായിരുന്നു. വിവേചനവും മാനസിക ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ തന്‍റെ ചിത്രത്തിന്‍റെ പ്രമേയമാക്കുന്നതിൽ സുമിത്ര ഭാവെ വിജയിച്ചു. റിലീസിനൊരുങ്ങുന്ന ദി ഡിസിപ്പിൾ എന്ന ചിത്രത്തിലെ ശബ്ദവിവരണത്തിലൂടെയും സംവിധായിക സാന്നിധ്യമറിയിച്ചു.
ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടി സംവിധായികയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. മറാത്തി സിനിമക്ക് മാത്രമല്ല, ലോകസിനിമയിൽ തന്നെ വളരെ നിർണായകമായിരുന്ന വ്യക്തിത്വമായിരുന്നു സുമിത്രയെന്നും റസൂൽ പൂക്കുട്ടി ആദരാഞ്ജലി കുറിച്ചുകൊണ്ട് വിശദമാക്കി.