ആമിർ ഖാന്‍റെ 'ലാല്‍ സിംഗ് ഛദ്ദ'യിലൂടെ ബോളിവുഡിൽ തുടക്കം കുറിക്കുകയാണ് തെലുങ്ക് യുവതാരം നാഗചൈതന്യ. ലഡാക്കിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലേക്ക് നാഗചൈതന്യയുമെത്തി. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള നാഗചൈതന്യയുടെ സ്റ്റിൽ പങ്കുവച്ചുകൊണ്ട് ആമിർ ഖാൻ പ്രൊഡക്ഷൻസ് താരത്തെ സ്വാഗതം ചെയ്യുന്നതായി ട്വിറ്ററിലൂടെ അറിയിച്ചു.
ആമിർ ഖാനും ചിത്രത്തിന്‍റെ നിർമാതാവ് കൂടിയായ കിരൺ റാവുവും സംവിധായകൻ അദ്വൈത് ചന്ദനും സെൽഫിയിലുണ്ട്. വിവാഹമോചിതരായ ശേഷം ആമിർ ഖാനെയും കിരൺ റാവുവിനെയും ഒരു സിനിമയുടെ ഭാഗമായി ഒരുമിച്ച് കാണുന്ന ആദ്യ സെൽഫി ചിത്രം കൂടിയാണിത്.
വിജയ് സേതുപതിക്ക് പകരം നാഗചൈതന്യ
ടോം ഹാങ്ക്സിന് ഓസ്‌കർ അവാർഡ് നേടിക്കൊടുത്ത ഫോറസ്റ്റ് ഗമ്പ് എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ സുഹൃത്തായ ബാലയുടെ വേഷത്തിലാണ് നാഗചൈതന്യ എത്തുന്നത്. നേരത്തെ ഈ വേഷം വിജയ് സേതുപതിക്കായി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, താരം പിന്മാറിയതിന് ശേഷമാണ് നാഗചൈതന്യ ചിത്രത്തിലേക്ക് കടന്നുവരുന്നത്.