അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിന്‍റെ ആശങ്കയിലാണ് അവിടുത്തെ പൗരന്മാർ. സ്‌ത്രീകൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമടക്കം താലിബാൻ ഭരണകൂടം നിയന്ത്രണമേർപ്പെടുത്തുന്നത് സംബന്ധിച്ച് വാർത്തകൾ പുറത്തുവരികയാണ്.
സംഗീതം ഇസ്‌ലാമികമല്ലെന്ന പ്രസ്‌താവനയും താലിബാന്‍റെ ഭാഗത്തുനിന്നുണ്ടായി. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് സംഗീതജ്ഞൻ അദ്‌നൻ സാമി.
ഇസ്‌ലാമില്‍ സംഗീതം നിരോധിക്കപ്പെട്ടതാണെന്ന താലിബാന്‍ നേതാവ് സബീഹുള്ള മുജാഹിദിന്‍റെ അഭിപ്രായത്തെയാണ് അദ്‌നൻ വിമർശിച്ചത്.
അദ്‌നൻ സാമിയുടെ വിമർശനം
'പ്രിയപ്പെട്ട സബീഹുള്ള മുജാഹിദ്, ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്, സംഗീതം ഹറാമാണെന്നും ഇസ്ലാമികമല്ലെന്നും വിശുദ്ധ ഖുറാനില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളത് എന്ന് കാണിച്ച് തരൂ!
പ്രവാചകന്‍ മുഹമ്മദ് ഇങ്ങനെ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഹദീസ് കാണിച്ച് തരാനാകുമോ??!!' മുഹമ്മദ് നബി എങ്ങും പറഞ്ഞിട്ടില്ലെന്നും അദ്‌നന്‍ സാമി ഫേസ്‌ബുക്കില്‍ കുറിച്ചു.
More Read: ഇനി ഞങ്ങൾക്ക് വിദ്യാഭ്യാസം കിട്ടുമോ? അഫ്‌ഗാൻ പെൺകുട്ടിയുടെ കത്തുമായി ആഞ്ജലീന ജോളി
'സംഗീതം നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ ആളുകളെ ഒന്നിനും നിര്‍ബന്ധിക്കില്ല. അവരെ പറഞ്ഞ് മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്,' എന്നാണ് സബീഹുള്ള മുജാഹിദ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
ഈ പ്രതികരണത്തെ ചോദ്യം ചെയ്‌തുള്ള അദ്‌നന്‍ സാമിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് നിരവധി പേർ എത്തിയെങ്കിലും ഖുറാനിൽ ഇത് പറയുന്നുണ്ടെന്ന് ചിലർ വാദിച്ചു. ഇതിനെയും സംഗീതജ്ഞൻ നിശിതമായി വിമർശിച്ചിട്ടുണ്ട്.