ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിൽ രാവണനെ മാനുഷികമായി അവതരിപ്പിക്കുമെന്നും സീതാപഹരണത്തെ ചിത്രം ന്യായീകരിക്കുമെന്നും നടൻ സെയ്‌ഫ് അലി ഖാൻ നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. ഇതിനെതിരെ ഒരു കൂട്ടർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും സെയ്‌ഫിനെ രാവണന്‍റെ വേഷത്തിൽ നിന്ന് മാറ്റണണെന്നും ആവശ്യമുയർത്തി. പിന്നീട്, താരം തന്നെ തന്‍റെ പരാമർശത്തെ പിൻവലിച്ചതും വാർത്തയായിരുന്നു. ഇപ്പോഴിതാ, സെയ്‌ഫ് അലി ഖാനെതിരെ രൂക്ഷവിമര്‍ശനം നടത്തുകയാണ് ബോളിവുഡ് നടൻ മുകേഷ് ഖന്ന.
നമ്മുടെ ഇതിഹാസത്തിന് നേരെ ചലച്ചിത്രകാരന്മാർ അമ്പെറിയുന്നത് അവസാനിപ്പിച്ചിട്ടില്ലെന്നും ലക്ഷ്മി ബോംബിന് ശേഷം സെയ്‌ഫ് അലി ഖാനും ഇത്തരത്തിൽ ആക്രമണം നടത്തിയിരിക്കുകയാണെന്നും മുകേഷ് ഖന്ന അഭിപ്രായപ്പെട്ടു. "ലക്ഷ്മി ബോംബ് പൊട്ടിയില്ല, അതിനാല്‍ മറ്റൊരു ആക്രമണം നടത്തി. 'ആദി പുരുഷ്' എന്ന സിനിമയില്‍ രാവണന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെ രസകരമായിട്ടാണെന്നും രാവണനെ രാക്ഷസനായല്ല, മനുഷ്യത്വത്തോടെയാണ് അവതരിപ്പിക്കുന്നതെന്നും സെയ്‌ഫ് അലി ഖാൻ പറഞ്ഞിരുന്നു. സീതാപഹരണത്തെ ന്യായീകരിക്കുമെന്നും പറഞ്ഞു. ഇത്തരം കാര്യങ്ങളെ മണ്ടത്തരമെന്നാണോ അറിവില്ലായ്‌മ എന്നാണോ വിളിക്കേണ്ടതെന്ന് അറിയില്ല എന്നും മുകേഷ് വിമർശിച്ചു.
സെയ്‌ഫ് രേഖാമൂലം ക്ഷമാപണം എഴുതി എന്ന് വാർത്ത കേട്ടു. ബ്രിട്ടീഷുകാര്‍ 'സോറി' എന്ന് ഒരു വാക്ക് ഉണ്ടാക്കി. അമ്പെയ്യുക, ബോംബ് എറിയുക, അടിക്കുക, പിന്നെ 'സോറി' എന്ന് പറയുക. എന്നാല്‍ ഞങ്ങള്‍ ഇത് അംഗീകരിക്കില്ല. സംസാരിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് സെയ്‌ഫ് ഇത് ചിന്തിച്ചില്ലെന്നും മുകേഷ് ഖന്ന ഫേസ്ബുക്കിൽ പങ്കുവെച്ച നീണ്ട കുറിപ്പിൽ ചോദിക്കുന്നു. ഹൈന്ദവ സമൂഹത്തെ അപമാനിക്കുന്നുവെന്ന് വിമർശനം ഉയർന്നതോടെ അക്ഷയ് കുമാർ ചിത്രം ലക്ഷ്‌മി ബോംബിന്‍റെ പേര് മാറ്റി ലക്ഷ്‌മി എന്നാക്കിയിരുന്നു.