മുംബൈ: പ്രമുഖ നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് വനിതാ കൊറിയോഗ്രാഫറുടെ പരാതി. ജോലി തടസപ്പെടുത്തുന്നുവെന്നും തന്നെ അസോസിയേഷനിൽ നിന്നും പുറത്താക്കിയെന്നും 33കാരിയായ കൊറിയോഗ്രാഫർ പരാതി നല്‍കി. കൊറിയോഗ്രാഫറുടെ പരാതിയിൽ വിശദമായി അന്വേഷിക്കുമെന്ന് മഹാരാഷ്‌ട്ര സംസ്ഥാന വനിതാ കമ്മീഷൻ (എംഎസ്‌ഡബ്ല്യുസി) വ്യക്തമാക്കി.
നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യക്കെതിരെ വനിതാ കൊറിയോഗ്രാഫറുടെ പരാതി - Tanusree Dutta against Acharya
ഗണേഷ് ആചാര്യ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നുവെന്നും തന്‍റെ ജോലി തടസപ്പെടുത്തുന്നുവെന്നും വനിതാ കൊറിയോഗ്രാഫറുടെ പരാതിയിൽ പറയുന്നുണ്ട്.
"എന്‍റെ ജൂനിയർ പ്രവർത്തകർക്കുള്ള ശമ്പളത്തിൽ നിന്നും ഗണേഷ് ആചാര്യക്ക് പണം നൽകില്ലെന്ന കാരണത്തിൽ അയാൾ എന്നെ അസോസിയേഷനിൽ നിന്നും പുറത്താക്കി. അസോസിയേഷനിലെ എന്‍റെ അംഗത്വത്തെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ പോയിരുന്നെങ്കിലും അതും ആചാര്യ തടഞ്ഞു. ഞാൻ പൊലീസിൽ പരാതി സമർപ്പിച്ചിരുന്നു, പക്ഷേ അവർ ഇതിനെ കാര്യമായി എടുത്തില്ല. ഞാൻ ഇന്നലെ തന്നെ എംഎസ്‌ഡബ്ല്യുസിക്ക് പരാതി നൽകുകയും അവരുടെ നടപടിക്കായി ഇപ്പോൾ കാത്തിരിക്കുകയുമാണ്," അംബോലി പൊലീസ് സ്റ്റേഷനിലും മഹാരാഷ്‌ട്ര സംസ്ഥാന വനിതാ കമ്മീഷനിലും പരാതി നൽകിയതിനെക്കുറിച്ച് അവർ പറഞ്ഞു. നേരത്തെ നടി തനുശ്രീ ദത്തയും ആചാര്യ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രംഗത്തെത്തിയിരുന്നു. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.