ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി സിനിമാ- സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് എല്ലാവരും വിഷയത്തില്‍ പ്രതികരിച്ചത്. ആക്രമണത്തെ അപലപിച്ചാണ് എല്ലാവരും രംഗത്തെത്തിയിരിക്കുന്നത്. നല്ല നാളെക്കായി വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നുവെന്നായിരുന്നു കുറിപ്പുകള്‍. ട്വിങ്കിള്‍ ഖന്ന, മഞ്ജു വാര്യർ, നിവിൻ പോളി എന്നിവർക്ക് പുറമെ നടി റിമ കല്ലിങ്കലും ഹരീഷ് ശിവരാമകൃഷ്ണനും ആക്രമണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്.
'വിദ്യാർഥികളെക്കാൾ സംരക്ഷണം പശുക്കൾക്ക് ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. നിങ്ങൾക്ക് അക്രമത്തിലൂടെ ആളുകളെ അടിച്ചമർത്താൻ കഴിയില്ല. കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകും. കൂടുതല്‍ സമരങ്ങള്‍ ഉണ്ടാകും. കൂടുതല്‍ ജനങ്ങള്‍ തെരുവിലിറങ്ങും ഇതായിരുന്നു ട്വിങ്കിൽ ഖന്ന ട്വീറ്റ് ചെയ്ത്. ജെഎന്‍യു അക്രമത്തെക്കുറിച്ച് മുംബൈ മിററിൽ വന്ന വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു ട്വിങ്കിളിന്‍റെ ട്വീറ്റ്.
'ജെ.എന്‍.യുവില്‍ നിന്നുള്ള മുഖങ്ങള്‍ രാവിലെ ടിവിയില്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ചോര ഒലിച്ചുകൊണ്ടുള്ള കുറെ മുഖങ്ങള്‍. രാത്രി അവരെ മൂന്നു മണിക്കൂറോളം പലരും ചേര്‍ന്ന് അക്രമിച്ചിരിക്കുന്നു. ജെഎന്‍യു എന്നത് ഈ രാജ്യത്തിന്‍റെ അറിവിന്‍റെ അടയാളമായിരുന്നു. അവിടെ പഠിക്കുക എന്നത് അറിവിന്‍റെ മാനദണ്ഡമായിരുന്നു. അവിടെ പഠിച്ച പലരുമാണ് ഇന്നും നമ്മളെ നയിക്കുന്നതും ഭരിക്കുന്നതും. അവരുടെ രാഷ്ട്രീയം പലതായിരുന്നുവെങ്കിലും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യാനാകില്ല. രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിനിടയിലും അവര്‍ അവിടെ കലാപമുണ്ടാക്കുകയല്ല ചെയ്തത്. പുറത്തുനിന്നുള്ളവര്‍ കൂടി ചേര്‍ന്ന് ഇരുളിന്‍റെ മറവില്‍ അക്രമം നടത്തുന്നുവെന്ന് പറയുമ്പോള്‍ അതിലെ രാഷ്ട്രീയം എന്തായാലും തുണയ്ക്കാനാകില്ല. കുട്ടികളെ അവിടെ പഠിപ്പിക്കാന്‍ വിട്ട അമ്മമാരില്‍ ഭൂരിഭാഗവും സാധാരണക്കാരാകും. ടിവിയില്‍ ചോരയില്‍ കുതിര്‍ന്ന പലരുടെയും മുഖങ്ങള്‍ കാണുമ്പോള്‍ ആ അമ്മമാരുടെ മനസിന്‍റെ അവസ്ഥ എന്താകും. നമുക്ക് ആ കുട്ടികളുടെ കൂടെ നില്‍ക്കാതിരിക്കാനാകില്ല. ഞാനും കൂടെ നില്‍ക്കുന്നു'. നടി മഞ്ജുവാര്യര്‍ കുറിച്ചു.