സംഗീതത്തിന്‍റെ സർവശ്രേണികളും അതുല്യധാരയായി അനായാസം ഒഴുകിവന്ന അപൂർവസുന്ദരസ്വരം. ദൈവത്തിന്‍റെ ശബ്‌ദമായും ഒരു കാലഘട്ടമായും ആ സംഗീതനദിയെ ലക്ഷോപലക്ഷം ആസ്വാദക ഹൃദയങ്ങൾ ഇന്നും ആദരിക്കുന്നു.
ക്ലാസിക്കൽ ഗസലുകളും ഖവാലികളും ഇന്ത്യൻ ചലച്ചിത്രത്തിന്‍റെ ഉൽപ്പത്തിയിൽ നിന്ന് മുഴങ്ങിക്കേൾക്കുമ്പോൾ, 41 വർഷങ്ങൾ മുമ്പ് നഷ്‌ടപ്പെട്ട ഐതിഹാസിക സംഗീതജ്ഞൻ മുഹമ്മദ് റഫിയുടെ സ്മരണകള്‍ നിറയുന്നു.
പഞ്ചാബിലെ അമൃത്‌സര്‍ ജില്ലയിലെ കോട്‌ല സുൽത്താൻ സിംഗ് എന്ന ഗ്രാമത്തിൽ ജനിച്ച്, ഒരു ക്ഷുരകന്‍റെ മകനായി ലാഹോറിൽ വളർന്ന 'ഫീക്കോ', പിന്നീട് ചരിത്രത്തിൽ അയാളുടെ പേര് സമം വയ്ക്കാനാവാത്ത മഹാഗായകൻ മുഹമ്മദ് റഫി എന്ന് എഴുതപ്പെട്ടു.
റഫി എന്ന പേരിനർഥം പദവികൾ ഉയർത്തുന്നവൻ എന്നാണ്. പേരിനെ അന്വര്‍ഥമാക്കുന്നതായിരുന്നു റഫി എന്ന ദിവ്യഗായകന്‍റെ ജീവിതം. നാട്ടിൽ വന്ന ഒരു ഫക്കീറാണ് റഫിയെ സംഗീതത്തിലേക്ക് ആകർഷിച്ചത്. ചെറുപ്പകാലത്ത് തന്നെ അദ്ദേഹത്തിന്‍റെ നാട്ടിലെ ഫക്കീർമാരെ അനുകരിച്ച് അദ്ദേഹം പാടുമായിരുന്നു.
റഫിയുടെ മൂത്തസഹോദരിയുടെ ഭർത്താവാണ് അദ്ദേഹത്തിന്‍റെ സംഗീതത്തിലുള്ള വാസന കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്. ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ, പണ്ഡിത് ജീവൻലാൽ മട്ടോ, ഫിറോസ് നിസാമി എന്നിവരിൽ നിന്ന് റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു.
ഒരിക്കൽ റഫിയും അദ്ദേഹത്തിന്‍റെ സഹോദരീ ഭർത്താവ് ഹമീദും കെ.എൽ സൈഗാളിന്‍റെ സംഗീതക്കച്ചേരി കേൾക്കാൻ പോവുകയും അവിടെ സദസിന് മുമ്പില്‍ ഒരു ഗാനം ആലപിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുകയും ചെയ്‌തു. അങ്ങനെ പതിമൂന്നാം വയസില്‍ റഫിയുടെ ആദ്യത്തെ പൊതുസംഗീത പരിപാടി നടന്നു.
1944ൽ അദ്ദേഹം ബോംബെയിലേക്ക് മാറി. ആദ്യം ഗാനങ്ങളുടെ കോറസിൽ പാടാൻ തുടങ്ങി. 10 രൂപയാണ് അന്ന് പ്രതിഫലം ലഭിച്ചത്. തുടർന്ന് ഇതിഹാസ സംഗീത സംവിധായകൻ നൗഷാദ് അലിയുടെ കീഴിൽ റഫിക്ക് ഗാനങ്ങൾ ലഭിച്ചു.
ആദ്യഗാനം 1944ൽ പുറത്തിറങ്ങിയ എ.ആർ കർദാറുടെ പെഹ്‌ലേ ആപ് എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവരോടൊപ്പം പാടിയ 'ഹിന്ദുസ്ഥാൻ കേ ഹം ഹേൻ' എന്ന ഗാനമാണ്.
More Read: ബെൽബോട്ടം റിലീസ് തിയതി പ്രഖ്യാപിച്ച് അക്ഷയ് കുമാർ
ഏതാണ്ട് ആ സമയത്ത് തന്നെ ശ്യാം സുന്ദറിന് വേണ്ടി 'ഗോൻ കി ഗോരി' എന്ന ചലച്ചിത്രത്തിലും ജി.എം ദുരാണിയോടൊത്ത് 'അജീ ദിൽ ഹോ കാബൂ മേൻ' എന്ന ചിത്രത്തിലും പാടി. ഇതാണ് റഫിയുടെ ബോളിവുഡിലെ ആദ്യ ഗാനമായി കണക്കാക്കുന്നത്.
നൗഷാദിന് പുറമെ എസ്‌ഡി ബർമൻ, ശങ്കർ-ജയ്‌കിഷന്‍, രവി, ഒപി നയ്യാർ, മദൻ മോഹൻ, ലക്ഷ്‌മികാന്ത്-പ്യാരേലാൽ, കല്യാൺജി-ആനന്ദ് ജി തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പവും മികച്ച ഗാനങ്ങൾ റഫിയുടെ സ്വരത്തിൽ പുറത്തിറങ്ങി. മുകേഷ്, കിഷോർ കുമാർ എന്നിവർക്കൊപ്പം ഹിന്ദി സിനിമാസംഗീതലോകത്തെ ഒരു കാലഘട്ടത്തെ അങ്ങനെ റഫി അടയാളപ്പെടുത്തി.
റഫിയുടെ പ്രശസ്‌ത ഗാനങ്ങൾ
തേരേ നാം കാ ദിവാനാ തേരാ ഘർ കോ, തേരീ ഗലിയോം, തേരേ മേരേ സപ്നേ, യെജോ ചിൽമൻ ഹേ യേദുനിയായേ മെഹഫിൽ, ഓ മേരി മെഹബൂബാ, അകേലെ അകേലെ കഹാം, മേ ഗാഊം തുമ് സോജാവു, ദൂർ രഹകർ, മന് തട്പപത്, ഓ മേരെ ഷാഹെഖൂബ, മധു പന്മെ രാധിക, യാദ് ന ജായേ, ഹംനേ ജഫാന സീഖീ, ഗുൻ ഗുനാരഹാഹേ, ആ ജാരേആസരാ ഏ ഹുസ്ന്സരാജാഗ്, മേരാഗീ അൻജാ, ഓ ദുനിയാകേരഖ് വാലേ, സോ ബാറ്ജജനം ലേംഗേ, രംഗ് ഓർനൂറ്കീബാരാത്, ലേ ഗയ് ദിൽഗുഡിയാ ജപ്പാൻ കീ, ക്യാമിലിയെ, സുബ്ഹാനആയിശാം ന, ഒലേകെ പെഹലാ,
ഇത്നാതൊയാദ്ഹെ മുജേ, ഹമ്കാലേഹതൊ ക്യാ ഹുവാ ദിൽവാലേ ഹെ, അകേലെ അകേലെ കഹാം ജാരഹേഹെ, മെകഹി കവിനബൻജാ, യെശമാ തോജലീരോശ്‌നീ കേലിയേ, പർദാഹെപർദാ, ചൽകയേജാം ആയിയേ ആപ്, ഹുയീ ശാം ഉന്കാ, തൂ മേരേ സാംനേ ഹെതേ രീ, ആജ്കൽ തേരെമെരെ പ്യാർ, ചോദ്വീ കാ ചാന്ദ്ഹോ, യേ ചാന്ദ് കരോഷൻ ചെഹരാ, ഓ ദുനിയാ കേ രഖ്വാലേ സുൽദർദ് മെരേ, ബക്കമ്മ ഓബക്കമ്മ, യഹാ മെ അജ്‌നബി, ഹായ് രേഹയ് നീംദ് നഹീ... ഷമ്മി കപൂറിന്‍റെ ഈണങ്ങൾക്ക് റഫിയുടെ സ്വരം ജീവൻ നൽകിയ ഗാനങ്ങളാണിവ.
ഛൂ ലേനേ ദോ.., യേ സുൽഫ് അഗർ ഖുൽകെ,ഭരീ ദുനിയാ മേം, ബാർ ബാർ ദേഖോ എന്നിവ ബോംബെ രവിക്കൊപ്പം ഗായകൻ സൃഷ്‌ടിച്ച ഏതാനും പ്രസിദ്ധ ഗാനങ്ങൾ.
തേരി ആംഖോം കെ സിവാ, യേ ദുനിയാ യേ മെഹ്ഫിൽ, മേരി ആവാസ് സുനോ, തും ജോ മിൽ ഗയെ ഹോ എന്നീ ഗാനങ്ങൾക്ക് മദൻ മോഹൻ ഈണം നൽകുകയും മുഹമ്മദ് റഫി ആലപിക്കുകയും ചെയ്‌തു. ഇവയെല്ലാം എക്കാലത്തെയും സൂപ്പർ ഹിറ്റുകളാണെന്നതും മറ്റൊരു സവിശേഷത.
യേ ഹേ ബോംബെ മേരി ജാൻ, ഉഡേ ജബ് ജബ് സുൽഫേം തേരി, തുംസാ നഹി ദേഖാ, ദീവാന ഹുവാ ബാദൽ, ഇഷാരോം ഇഷാരോം മേം, യൂം തോ ഹംനെ, ജവാനിയാം യെ മസ്ത്, താരീഫ് കരൂം ക്യാ... മുഹമ്മദ് റഫി എന്ന ഗായകൻ ഇല്ലെങ്കിൽ ഒപി നയ്യാരെന്ന സംഗീതജ്ഞൻ ഉണ്ടാകുമായിരുന്നില്ല എന്ന് നയ്യാർ തന്നെ പറഞ്ഞിട്ടുണ്ട്.
പാട്ടുകൾ വിവിധ ഭാവങ്ങളിൽ, വിഭാഗങ്ങളിൽ ഇന്ത്യൻ സംഗീതത്തിലേക്ക് അലയടിച്ചപ്പോൾ എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സൃഷ്‌ടികളാണ് റഫിയുടെ ശബ്‌ദസൗന്ദര്യത്തിൽ നിറഞ്ഞത്.
ലതാ മങ്കേഷ്‌കറിനൊപ്പമാണ് റഫിയുടെ ഭൂരിഭാഗം യുഗ്മഗാനങ്ങളും പിറന്നത്. 11 ഇന്ത്യന്‍ ഭാഷകളിലായി റഫി ഏതാണ്ട് 28,000ത്തില്‍ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളതായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് സാക്ഷ്യപ്പെടുത്തുന്നു.
ദേശീയ അവാർഡും ആറുതവണ ഫിലിംഫെയർ അവാർഡും റഫി നേടിയിട്ടുണ്ട്. 1967ൽ പത്മശ്രീ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അതിപ്രശസ്തമാണ് റഫിയുടെ ഓരോ ഗാനങ്ങളും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന അല്ലെങ്കില്‍ ഇപ്പോഴും എണ്ണമറ്റ ആസ്വാദകരുള്ള ഗായകരിലൊരാളാണ് മണ്‍മറഞ്ഞിട്ടും സംഗീതത്തിലൂടെ ജീവിക്കുന്ന മുഹമ്മദ് റഫി.
1980 ജൂലൈ 31ന് തന്‍റെ അമ്പത്തിയഞ്ചാം വയസിലാണ് മുഹമ്മദ് റഫി അന്തരിച്ചത്. കടുത്ത നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഹൃദയസ്‌തംഭനം വന്ന് മരിക്കുകയുമായിരുന്നു.
മുഹമ്മദ് റഫിയുടെ പ്രണയ, വിരഹ ഗാനങ്ങള്‍ ഭാഷാഭേദമന്യേ സംഗീതപ്രേമികളിൽ നിറഞ്ഞൊഴുകുന്നു. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകരാണ് പതിറ്റാണ്ടുകൾക്കിപ്പറവും സംഗീതപ്രതിഭയെ നെഞ്ചിലേറ്റുന്നത്.